
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഹത്രാസിലേക്ക് തിരിച്ചു. കോൺഗ്രസ് എം.പിമാരോടൊപ്പമാണ് രാഹുൽ ഹത്‌റാസിൽ ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നത്. അതിനിടെ വാരണാസിയിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്ക് നേരെ കോൺഗ്രസ് പ്രതിഷേധമുണ്ടായി. മന്ത്രിയുടെ വാഹന വ്യൂഹത്തെ പ്രവർത്തകർ തടഞ്ഞു. ഉത്തർപ്രദേശ് പൊലീസ് മേധാവി ഹത്രാസിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയിട്ടുണ്ട്.

രാഹുലിന്റെ ഹത്രാസ് സന്ദർശനവുമായി ബന്ധപ്പെട്ട് ഡൽഹി–നോയിഡ പാത അടച്ചു. ഒപ്പം പോകാനിരുന്ന ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷനെ സംസ്ഥാന സർക്കാർ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. രാഹുലിനേയും നേതാക്കളേയും അതിർത്തി കടത്തിവിടുമോയെന്നാണ് ഇനിയറിയേണ്ടത്. പ്രിയങ്ക ഗാന്ധി സ്വയം കാറോടിച്ചാണ് രാഹുലുമായി ഹത്രസിലേക്ക് യാത്ര ചെയ്യുന്നത്.

വിവാദങ്ങൾക്കിടെ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ നുണപരിശോധന നടത്താൻ തീരുമാനമെടുത്തത് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. കേസിലെ പ്രതികളെയും സാക്ഷികളെയും പൊലീസ് ഉദ്യോഗസ്ഥരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായിട്ടില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം.