victim-funeral

ഗാന്ധിജയന്തി ദിനത്തിലെ കേരളകൗമുദി എഡിറ്റോറിയൽ പ്രസക്തമായി. ഇന്ത്യൻ സാമൂഹിക അന്തരീക്ഷം വിളിച്ചോതുന്നതാണ്. യു.പി.യിലെ 'ഹത്രാസ് ' എന്ന ഗ്രാമത്തിൽ 19 വയസുള്ള സഹോദരിക്കുണ്ടായ അതിദാരുണമായ ലൈംഗികപീഡനം ഭാരത മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. നാല് ചെറുപ്പക്കാർ ചേർന്നു ക്രൂരമായി പീഡിപ്പിച്ച ഭീകരമായ സംഭവം അതിഗൗരവമായി കാണണം. മേൽജാതിയിലുള്ളവർക്ക് എന്തും ചെയ്യാം, നിയമവും നീതിയും ബാധകമല്ല. യുവതി മരിച്ച വിവരം യഥാസമയം ബന്ധുക്കളെ അറിയിക്കാതെ പോലീസുകാർ തന്നെ ബന്ധുക്കളുടെ അസാന്നിദ്ധ്യത്തിൽ ചിതയൊരുക്കി ദഹിപ്പിച്ചതിലൂടെ ഭരണകൂട ഭീകരതയാണ് രാജ്യം കണ്ടത്. സമൂഹം ലജ്ജിച്ചു തല താഴ്‌ത്തണം. വിഷയത്തിന്റെ ഗൗരവം ചോരാതെ സാമൂഹിക പ്രതിബദ്ധത വെളിവാക്കുന്ന കേരളകൗമുദിയുടെ എഡിറ്റോറിയലിനെ മുക്തകണ്ഠം പ്രശംസിക്കുന്നു.
പനങ്ങോട്ടുകോണം വിജയൻ

(സംസ്ഥാന ജനറൽ സെക്രട്ടറി
വ്യാപാരി വ്യവസായി കോൺഗ്രസ്)

കൊവിഡ് കാലത്തെ ക്രൂരത

കൊവിഡ് കാലത്ത്, സ്വാശ്രയ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ദുരിതത്തെക്കുറിച്ചാണ് ഈ കത്ത്. രാപകലില്ലാതെ വീട്ടിലിരുന്ന് ഓൺലൈനിൽ ജോലി ചെയ്യണം . പകുതി ശമ്പളത്തിനും ശമ്പളമില്ലാതെയും പ്രസവാനുകൂല്യങ്ങൾ ഇല്ലാതെയുമാണ് പലരും ജോലി ചെയ്യുന്നത്. മക്കളെ മുറികളിൽ അടച്ചിട്ടാണ് അദ്ധ്യാപികമാർ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നത്. കൊവിഡിന് മുൻപാണ് (2007 മാർച്ച് ഏഴ് )​ സ്വാശ്രയ മേഖലയിലെ സ്ത്രീകൾക്ക് പ്രസവാനുകൂല്യത്തിനുള്ള നിയമം ഗസറ്റ് നോട്ടിഫിക്കേഷൻ മുഖാന്തരം വന്നത്. 2020 ൽ പ്രസവാവധിയിലിരിക്കുന്ന എല്ലാവർക്കും ഈ നിയമത്തിന്റെ ആനുകൂല്യത്തിൽ ആറ് മാസം ശമ്പളത്തോടുകൂടിയ പ്രസവാവധി കിട്ടാൻ അർഹതയുണ്ട്.
ഇൻഫോപാർക്കിലെ ഒരു ഐടി കമ്പനി,​ ഗർഭിണിയായതിന്റെ പേരിൽ ഒരാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് കൊവിഡിന് മുൻപായിരുന്നു. ഇതുവരെ ആ പ്രശ്നത്തിൽ തീർപ്പുണ്ടായിട്ടില്ല.
അതിനാൽ വിഷയത്തിൽ സർക്കാർ അടിയന്തര പരിഹാരം കാണണമെന്ന് നിയമം ഉണ്ടാക്കാൻ അക്ഷീണം പരിശ്രമിച്ച സാമൂഹിക പ്രവർത്തകയെന്ന നിലയിൽ അപേക്ഷിക്കുന്നു.
കുസുമം. ആർ. പുന്നപ്ര
തിരുവനന്തപുരം

ഇ. ശ്രീധരന് നല്ല നമസ്കാരം

തരംകിട്ടിയാൽ പാവങ്ങളുടെ പിച്ചച്ചട്ടിയിലും ഒാണക്കിറ്റിലും കൈയിട്ടു വാരുന്ന, കമ്മിഷനടിക്കുന്ന നേതാക്കളും അണികളും അധികാരികളുമുള്ള ഒരു നാട്ടിലാണ് ഇ. ശ്രീധരന്റെ സന്മനസും നമ്മൾ കണ്ടത്.

കൂരിരുട്ടിന്റെയുള്ളിലും, നന്മയുടെ, ധാർമ്മികതയുടെ മൺചെരാത്!

കമ്പിക്കു പകരം മുള വാരിയിട്ട് കലുങ്ക് വാർക്കുന്ന ഒരു നാടൻ കോൺട്രാക്ടർ അരനൂറ്റാണ്ടുമുമ്പ് ഞങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്നു. മുളവാരികൊണ്ട് വാർത്ത ആ കലുങ്കുകളൊന്നും ഇപ്പോഴും തകർന്നിട്ടില്ല എന്നത് ഒരു എൻജിനീയറിംഗ് കൗതുകം. പാലം, റോഡ്, കെട്ടിടങ്ങൾ എന്നിവയുടെ പണി അനന്തമായി നീളുന്നതും ഇടയ്ക്കിടെ എസ്റ്റിമേറ്റു തുക വർദ്ധിപ്പിച്ച് കൊടുക്കുന്നതും നമ്മുടെ നാട്ടിൽ അത്ര പുതുമയുള്ള കാര്യമല്ല. കളിച്ചുകളിച്ച് കളിക്കളം വിട്ടു പുറത്തുപോയപ്പോഴാണ് പാലാരിവട്ടം പാലം പിറവിയെടുക്കുന്നത്.

ഇൗ അഴിമതിപ്പാലം പുതുക്കി പണിയാനുള്ള നിയോഗം ഇ. ശ്രീധരൻ ഏറ്റെടുത്തിരിക്കുന്നു. ഒരു ചില്ലിക്കാശുപോലും സർക്കാരിൽനിന്നു വാങ്ങാതെ അത് ചെയ്യാമെന്നും അദ്ദേഹം പറയുന്നു. കൊച്ചിയിൽ ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി പണിത നാല് മേല്പാലങ്ങൾ നിശ്ചിത എസ്റ്റിമേറ്റിലും 17.4 കോടി രൂപ കുറവിൽ പൂർത്തീകരിക്കാനായി. ഇൗ തുകകൊണ്ടാണ് പാലാരിവട്ടം പാലം പുതുക്കിപ്പണിയാമെന്ന് പറഞ്ഞത്.

നിത്യവും ഭഗവത്‌ഗീത വായിക്കുന്ന, സ്വന്തം കർമ്മത്തോട് സത്യസന്ധതയും ധാർമ്മികതയും പുലർത്തുന്ന ഇ. ശ്രീധരൻ മലയാളിയുടെ അഭിമാന മുദ്ര‌യായിരിക്കുന്നു.

പായിപ്ര രാധാകൃഷ്ണൻ,

കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ,

മൂവാറ്റുപുഴ