
ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യയെ ഇളക്കിമറിച്ച സിൽക്ക് സ്‌മിതയുടെ ജീവിതം സിനിമയാകുന്നു. കെ.എസ് മണികണ്‌ഠനാണ് 'അവൾ അപ്പടിതാൻ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. വിദ്യാ ബാലന്റെ ഹിറ്റ് ബോളിവുഡ് ചിത്രമായ ഡേർട്ടി പിക്ചർ സിൽക്ക് സ്‌മിതയുടെ ജീവിതത്തെ ആസ്‌പദമാക്കിയുളള ചിത്രമാണെന്ന് അവകാശപ്പെട്ടാണ് എത്തിയതെങ്കിലും കഥഗതി അങ്ങനെയായിരുന്നില്ല. തെന്നിന്ത്യയിൽ ആദ്യമായാണ് സിൽക്ക് സ്‌മിതയുടെ ജീവിതം സിനിമയാകുന്നത്.
ഗായത്രി ഫിലിംസിന്റെ ബാനറിൽ ചിത്ര ലക്ഷ്‌മണനും മുരളി സിനി ആർട്‌സിന്റെ എച്ച് മുരളിയും സംയുക്തമായാണ് 'അവൾ അപ്പടിതാൻ' നിർമ്മിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് നവംബർ ആദ്യ വാരത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് കെ.എസ് മണികണ്‌ഠൻ അറിയിച്ചു.
സിൽക്ക് സ്‌മിതയുടെ ഹോട്ട്നെസിന് ഇന്നുവരെ സമാനതകളില്ല. അവരുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ, ആ കഥാപാത്രത്തോട് നീതി പുലർത്താൻ കഴിയുന്ന ശരിയായ വ്യക്തിയെ കണ്ടെത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് സംവിധായകൻ പറയുന്നത്. ജീവിതത്തിൽ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നുപോയ നടിയുടെ ജീവിതത്തെക്കുറിച്ച് രസകരവും ആഴത്തിലുള്ളതുമായ വിശദാംശങ്ങൾ അവൾ അപ്പടിതനിൽ ഉണ്ടെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം.
1980കളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായികയായിരുന്നു സിൽക്ക് സ്‌മിത. ആന്ധ്രാപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ നിന്ന് വന്ന സിൽക്ക് സ്‌മിത തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകൾ ഉൾപ്പടെ വിവിധ ഭാഷകളിൽ 450ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1996 സെപ്‌തംബർ 23ന് സിൽക്ക് സ്‌മിതയെ ചെന്നൈയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്‌മിതയുടെ മരണം ഇന്നും ദുരൂഹമായി തുടരുകയാണ്.