pettah-police-station

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷന് നേരെ ഏറുപടക്കമെറിഞ്ഞ മൂന്നു പേർ പൊലീസ് കസ്‌റ്റഡിയിലായി. ആനയറ സ്വദേശികളായ നിതീഷ്,കുഞ്ഞുണ്ണി,അനീഷ് എന്നിവരാണ് കസ്റ്റഡയിലായത്. ഇന്നലെ പുലർച്ചെ 12.50നായിരുന്നു സംഭവം. അഞ്ചംഗ സംഘം ബൈക്കിലെത്തി പേട്ട പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള കടയുടെ മുന്നിൽ നിന്ന് സ്‌റ്റേഷനിലേക്ക് പടക്കം എറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതികൾക്കെതിരെ പേട്ട പൊലീസ് കേസെടുത്തിരുന്നു. ഈ വൈരാഗ്യമാകാം പടക്കമേറിന് പിന്നിൽ എന്നാണ് പൊലീസ് കരുതുന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും പേട്ട പൊലീസ് പറഞ്ഞു.