
തിരുവനന്തപുരം: പാട്ട്, നൃത്തം എന്ന് തുടങ്ങി ആളുകളുടെ കഴിവ് ലോകത്തെ കാണിക്കാൻ കഴിയുന്ന ഏറ്റവും നല്ല വേദിയാണ് ഇപ്പോൾ സമൂഹ്യമാദ്ധ്യമങ്ങൾ. ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രം, യൂടൂബ് ചാനലുകൾ എന്നിവയിലൂടെ ആളുകള്‍ വരയ്ക്കുന്നതിന്റെയും, നൃത്തം വയ്ക്കുന്നതിന്റെയും, പാട്ട് പാടുന്നതിന്റെയുമെല്ലാം ആയിരക്കണക്കിന് വീഡിയോകൾ കാണാം.
ഇങ്ങനെ പ്രേക്ഷരുടെ മനം കവർന്നവരെ തേടി സിനിമയിലും പിന്നണി രംഗത്തും നിന്നും നിരവധി അവസരങ്ങളും എത്താറുണ്ട്.
നൃത്ത വീഡിയോകളിലൂടെ കാഴ്ചക്കാരുടെ മനം കവരുകയാണ് മൂന്ന് പെൺകുട്ടികൾ. tryst.n.dance എന്ന ഇൻസ്റ്റാഗ്രം പേജിലാണ് ഇവരുടെ മനോഹരമായ നൃത്ത വീഡിയോകൾ ഉള്ളത്. നൃത്തതിനോടുള്ള പ്രണയം എന്നതാണ് ഈ പേരിലേയ്ക്ക് നയിച്ചത്. ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റാൻ ആരംഭിച്ച പേജിന് ഇപ്പോൾ ആരാധകർ നിരവധിയാണ്. ഗായത്രി രാധാകൃഷ്ണൻ, മീനാക്ഷി രമേശ്, മാളവികാ രാജേഷ് എന്നിവരാണ് ഈ മിടുക്കികുട്ടികൾ. മൂവരും അടുത്ത ബന്ധുക്കൾ കൂടിയാണ്.

ആളുകൾക്ക് സുപരിചിതമായ, കേൾക്കാൻ ഇമ്പമുള്ള പാട്ടുകളാണ് ഇവർ വീഡിയോയ്ക്കായി തിരഞ്ഞെടുക്കുന്നത്. ഗായത്രി കൊൽക്കത്ത ഐ ഐ എഫ് ടിയിൽ എം ബി എ വിദ്യാർത്ഥിനിയാണ്. മീനാക്ഷി ബികോം കഴിഞ്ഞ് ഫെഡറൽ ബാങ്കിൽ ജോലി നേടി, അപ്പോയിന്റ്മെന്റ് ലെറ്റര്‍ കാത്തിരിക്കുകയാണ്. മാളവിക ബിരുദ വിദ്യാർത്ഥിനിയാണ്.സ്കൂൾ പഠനകാലത്ത് മൂവരും നൃത്തം അഭ്യസിച്ചിരുന്നു. പിന്നീട് പഠനത്തിരക്കിൽ അത് നിന്നു പോയി. ലോക്ക്ഡൗണ്‍ കാലത്താണ് മൂവര്‍സംഘത്തിന് ഒരു തിരിഞ്ഞുനോട്ടത്തിന് സമയവും സൗകര്യവും ഒത്തുവന്നത്.