
ഔഡി ക്യു 2 വിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. ഔഡി ഇന്ത്യ ഡീലർഷിപ്പുകൾ വഴിയോ ഔഡി ഇന്ത്യയുടെ ഒഫിഷ്യൽ വെബ്സൈറ്റിലൂടെയോ ഡെപ്പോസിറ്റ് തുകയായ 2 ലക്ഷം രൂപയ്ക്ക് ബുക്കിംഗ് നടത്താം. ഒക്ടോബർ അവസാനത്തോടെയോ നവംബർ ആദ്യമോ ഔഡി ക്യു 2 നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ഈ വർഷം പുറത്തിറക്കുന്ന അഞ്ചാമത്തെ പതിപ്പാണ് ഔഡി ക്യു 2. ഔഡി ആർ.എസ് ക്യു 8, ഔഡി ആർ.എസ് 7 സ്പോർട്ട്ബാക്ക്, 2020 ഔഡി എ8 എൽ, 2020 ഔഡി ക്യു 8 എന്നിവയാണ് കമ്പനി ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച മറ്റ് പുത്തൻ കാറുകൾ.
ഇന്ത്യൻ എസ്.യു.വി മാർക്കറ്റിലെ സാദ്ധ്യതകൾ മുന്നിൽ കണ്ടാണ് വില കുറഞ്ഞതും കുഞ്ഞൻ എസ്.യു.വി മോഡലുമായ ക്യു 2 വിനെ ഔഡി കമ്പനി രംഗത്തിറക്കുന്നത്. 35 ലക്ഷമാണ് എക്സ് - ഷോറും പ്രാരംഭ വിലയായി കരുതുന്നത്.
സ്പോർട്ടീ ടച്ചോട് കൂടിയ ലക്ഷ്വറി ലുക്കിനൊപ്പം ക്യു 2വിൽ അത്യാധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഔഡി നേരത്തെ പുറത്തിറക്കിയ ക്യു 3, ക്യു 5, ക്യു 7 ശ്രേണിയുടെ മോഡലുമായി സാദൃശ്യമുണ്ട് ക്യു 2വിന്. പെട്രോൾ ഡീസൽ എഞ്ചിനിൽ മൂന്ന് വേരിയെന്റുകളിൽ ക്യു 2 ലഭ്യമാകും. 1.0 ലിറ്റർ ടി.എഫ്.എസ്.ഐ സിലിണ്ടർ പെട്രോൾ എഞ്ചിൻ 114 ബി.എച്ച്.പി കരുത്തും, 1.4 ടി.എഫ്.എസ്.ഐ എഞ്ചിൻ 148 ബി.എച്ച്.പി കരുത്തും, 2.0 ടി.എഫ്.എസ്.ഐ എഞ്ചിൻ 187 ബി.എച്ച്.പി കരുത്തും പ്രധാനം ചെയ്യും.
എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ, എൽ.ഇ.ഡി ടെയ്‌ൽലൈറ്റ്സ്, മാട്രിക്സ് എൽ.ഇ.ഡി ഹെഡ് ലൈറ്റുകൾ, 19 ഇഞ്ച് അലോയ് വീൽ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് എസി, 8.3 ടച്ച്സ്ക്രീൻ ഇൻഫൊറ്റൈൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയാണ് ക്യു 2 വിന്റെ പ്രത്യേകത. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ തുടങ്ങിയവയ്ക്ക് ക്യു 2 വെല്ലുവിളിയാകും.