
ബലാസോർ: ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ശൗര്യ ആണവ മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്നലെ ഒഡിഷ തീരത്ത് നിന്ന് വിജയകരമായി പരീക്ഷിച്ചു.
ചൈനയുമായുള്ള അതിർത്തി സംഘർഷം തുടരവേ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്ന മൂന്നാമത്തെ മിസൈലാണിത്. കഴിഞ്ഞ മാസം 29ന് ലേസർ നിയന്ത്രിത ടാങ്ക് വേധ മിസൈലും 30ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു. മൂന്ന് മിസൈലുകളും ഇന്ത്യയുടെ പ്രഹര ശേഷി ഗണ്യമായി വർദ്ധിപ്പിക്കും.
പുതിയ ശൗര്യ മിസൈലിന് പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും വഹിക്കാൻ ശേഷിയുണ്ട്. അതിനാൽ ആക്രമണ ആയുധമെന്ന നിലയിലും തന്ത്രപ്രധാന ആയുധമെന്ന നിലയിലും പ്രാധാന്യമുണ്ട്.
നിലവിൽ സേനയുടെ ഭാഗമായ ഒരു മിസൈൽ മാറ്റി പകരം ശൗര്യ ഉൾപ്പെടുത്തുമെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. നിലവിലുള്ള മിസൈലിനെക്കാൾ ഭാരക്കുറവും പ്രർത്തിപ്പിക്കാൻ എളുപ്പവുമാണ് പുതിയ ശൗര്യ മിസൈലിന്.
പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത് നടപ്പാക്കി ആണവ മിസൈലുകളുടെ കാര്യത്തിലും സ്വയം പര്യാപ്തത നേടാനുള്ള ഡി. ആർ. ഡി. ഒയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ മിസൈൽ പരീക്ഷണം.
ശൗര്യ മിസൈൽ
നീളം 33 അടി. വ്യാസം 2.4 അടി. പ്രഹര പരിധി 800 കിലോമീറ്റർ. 1000 കിലോ ആയുധം. ശത്രു ലക്ഷ്യത്തോട് അടുക്കുമ്പോൾ ഹൈപ്പർസോണിക് വേഗത. മാക് 5 (ശബ്ദത്തിന്റെ അഞ്ച് മടങ്ങ്) ആണ് ഹൈപ്പർസോണിക് വേഗതയുടെ തുടക്കം. (മണിക്കൂറിൽ 6000 കിലോമീറ്റർ). പരമാവധി വേഗത മാക് 7.5 (9,188 കിലോമീറ്റർ )
ടാങ്ക് വേധ മിസൈൽ
സെപ്തംബർ 29ന് മഹാരാഷ്ട്രയിലെ കെ.കെ. റേഞ്ചിൽ അർജുൻ ടാങ്കിൽ നിന്നാണ് ടാങ്ക് വേധ മിസൈൽ പരീക്ഷിച്ചത്. അഞ്ച് കിലോമീറ്റർ വരെ പ്രഹരപരിധി. ശതു ടാങ്കുകളുടെ താപനിലയിൽ ആകർഷിക്കപ്പെട്ട് പറ്റിപ്പിടിച്ച് സ്ഫോടനം നടത്തും.
ബ്രഹ്മോസ്
ബ്രഹ്മോസിന്റെ പരിഷ്കരിച്ച സൂപ്പർസോണിക് ക്രൂസ് മിസൈലാണ് സെപ്തംബർ 30ന് ഒഡിഷ തീരത്ത് പരീക്ഷിച്ചത്. ശബ്ദത്തിന്റെ മൂന്ന് മടങ്ങ് വേഗത. പ്രഹര പരിധി 400 കിലോമീറ്റർ. മുൻഗാമിയെക്കാൾ 100 കിലോമീറ്റർ കൂടുതൽ. കപ്പലിലും അന്തർവാഹിനിയിലും വിമാനത്തിലും കരയിലും നിന്ന് വിക്ഷേപിക്കാം.
ചൈനീസ് അതിർത്തിയിൽ മൂന്നെണ്ണം വിന്യസിച്ചു
ബ്രഹ്മോസ്, നിർഭയ്, ആകാശ് മിസൈലുകൾ ചൈനീസ് അതിർത്തിയിൽ വിന്യസിച്ചു കഴിഞ്ഞു. ലഡാക്കിൽ 18,000 അടി ഉയരത്തിൽ വിന്യസിച്ച ആകാശ് വ്യോമ പ്രതിരോധ കവചമാണ്. 35 കിലോമീറ്റർ പരിധിയിൽ വരുന്ന ശത്രുവിന്റെ പോർവിമാനങ്ങളെയും മിസൈലുകളെയും തകർക്കും.