
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ഉറങ്ങുന്ന പത്തനംതിട്ടയിൽ ഹെറിറ്റേജ് ടൂറിസം സർക്യൂട്ട് നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി സർക്കാർ. കഴിഞ്ഞ വർഷം നവംബറിലാണ് പത്തനംതിട്ടയിൽ ഹെറിറ്രേജ് ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത്. എന്നാൽ, പ്രത്യേക കാരണങ്ങളാൽ പദ്ധതി നടക്കാതെ പോയി. കൊവിഡ് കൂടിയായതോടെ പദ്ധതികൾ മുടങ്ങി. എന്നാലിപ്പോൾ പദ്ധതിക്ക് പുനർജീവൻ നൽകാനൊരുങ്ങുകയാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ. ആറന്മുള കണ്ണാടി, വള്ളസദ്യ, പടയണി തുടങ്ങി നിരവധി സവിശേഷതകളുള്ള പത്തനംതിട്ടയിൽ ഹെറിറ്റേജ് ടൂറിസം വരുന്നതോടെ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
പത്തനംതിട്ട ജില്ലയിലെ പൈതൃക ഗ്രാമങ്ങളും ആറന്മുള കണ്ണാടി ഉൾപ്പെടെയുള്ള കരകൗശലപാരമ്പര്യവും മഹാത്മാ ഗാന്ധി സന്ദർശിച്ച സ്ഥലങ്ങളും മണ്ണടി മ്യൂസിയവും പരമ്പരാഗതമായ മറ്റ് ആചാരങ്ങളും എല്ലാം സമന്വയിപ്പിച്ച് ജില്ലയിലെ പൈതൃക സ്‌മാരകങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ളതാണ് ഹെറിറ്റേജ് ടൂറിസം സർക്യൂട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ കൊട്ടാരങ്ങളും ആരാധനാലയങ്ങളും കോട്ടകളും വ്യാപാര കേന്ദ്രങ്ങളും സംരക്ഷിച്ച് അത് നമ്മുടെ നാട് സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ ടൂറിസം ഉൽപ്പന്നമായി മാർക്കറ്റ് ചെയ്യുന്ന നിരവധി പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.
ഹെറിറ്റേജ് ടൂറിസം വരുമ്പോൾ
തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാൻ കൃത്യമായ സംവിധാനമേർപ്പെടുത്തും. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. പടയണിക്കാലത്ത് കടമ്മനിട്ട, ഇലന്തൂർ ഉൾപ്പെടെയുള്ള മേഖലകളെ കുറിച്ച് കൂടുതൽ പ്രാധാന്യം നൽകി പ്രചാരണങ്ങൾ നടത്തും. അതിപുരാതനമായ ആറന്മുള ക്ഷേത്രവും ചരിത്രപ്രസിദ്ധമായ വള്ളംകളിയും ആറന്മുളയുടെ കലാസാംസ്‌കാരിക രംഗത്തുള്ള പ്രാധാന്യമേറ്റുന്നു. 40 വർഷം പഴക്കമുള്ള കരകൗശല വൈദഗ്ദ്ധ്യത്തിന്റെ ഉദാഹരണമായ ലോഹനിർമ്മിതമായ ആറന്മുള കണ്ണാടിയുടെ പേരും പെരുമയും ഹെറിറ്റേജ് ടൂറിസം പദ്ധതിയിലൂടെ ഒന്നുകൂടി ലോകമറിയും. മറ്റ് ഓട്ടുരുപ്പടികൾ നിർമ്മിക്കുന്നതിൽ നിന്നുള്ള വ്യത്യസ്തമായ സമ്പ്രദായമാണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നത്. ഇന്ന് ഏഴ് കുടുംബങ്ങളിൽ മാത്രമായി ആറന്മുള കണ്ണാടി നിർമ്മാണം ഒതുങ്ങിയിട്ടുണ്ട്.
ധീര ദേശാഭിമാനി വേലുത്തമ്പി ദളവയുടെ സ്മരണാർത്ഥം മണ്ണടിയിൽ സ്ഥാപിച്ച വേലുത്തമ്പി ദളവ സ്മാരക മ്യൂസിയവും പദ്ധതിയുടെ കീഴിൽ വരുന്ന പ്രധാന ആകർഷണ കേന്ദ്രമാണ്. 2010ൽ ആരംഭിച്ച മ്യൂസിയം പുരാവസ്തുവകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്. രണ്ടുനിലകളിലായി നിർമ്മിച്ചിട്ടുള്ള മ്യൂസിയത്തിന് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള വെങ്കലത്തിൽ തീർത്ത വേലുത്തമ്പി ദളവയുടെ പൂർണകായ പ്രതിമ ആകർഷണയീമാണ്. കൂടാതെ മ്യൂസിയത്തിൽ തിരുവിതാംകൂർ രാജാക്കൻമാരുടെ ഛായാചിത്രങ്ങൾ മുതൽ ശ്രീബുദ്ധന്റെ ശിലാവിഗ്രഹം, നാഗാരാധനയുടെ കോലങ്ങൾ വരെ ക്രമീകരിച്ചിട്ടുണ്ട്. പീരങ്കികൾ, കുന്തം, വാൾ എന്നിവയും നാണയങ്ങളും പ്രദർശനത്തിന് വച്ചിട്ടുണ്ട്.
ഗ്രാമീണ ടൂറിസത്തിനും ഊന്നൽ
ഇതിനൊപ്പം ഗ്രാമീണ മേഖലകളിലെ സാംസ്‌കാരിക, സാമൂഹ്യ മാറ്റങ്ങളെ ഉൾക്കൊള്ളിച്ചുള്ള ഗ്രാമീണ ടൂറിസത്തിനും സർക്കാർ ഊന്നൽ നൽകുന്നുണ്ട്.