
ലണ്ടൻ: ചൊവ്വയിൽ ജലസാന്നിദ്ധ്യം കണ്ടെത്തിയതായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ചൊവ്വ ഗവേഷണ ദൗത്യമായ മാർസ് എക്സ്പ്രസിലെ ഗവേഷകരുടെ റിപ്പോർട്ട്. രണ്ട് വർഷം മുമ്പ് ചൊവ്വയിൽ ഒരു വലിയ തടാകം കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ മൂന്ന് തടാകങ്ങളുടെ കൂടെ സാന്നിദ്ധ്യം കണ്ടെത്തിയതായാണ് വിവരം. ഇവ ചൊവ്വയുടെ മഞ്ഞുമൂടിയ പ്രതലത്തിന്റെ അടിയിൽ കുഴിച്ച രീതിയിലാണുള്ളത്. ചൊവ്വയിൽ ജീവന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നതാണ് ഈ കണ്ടെത്തലെന്നാണ് ഗവേഷകരുടെ വാദം. 'ഒരു ജലാശയത്തെ നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ മൂന്ന് തടാകങ്ങളും കണ്ടെത്തിയിരിക്കുന്നു. ഇത് സങ്കീർണത സൃഷ്ടിച്ചിരിക്കുകയാണ്."- റോം യൂണിവേഴ്സിറ്റിയിലെ പ്ലാനെറ്ററി ശാസ്ത്രജ്ഞനായ എലെന പെട്ടിനെല്ലി പറഞ്ഞു.
 ജർമ്മനിയുടെ അഞ്ചിലൊന്ന് വലിപ്പം
75,000 സ്ക്വയർ കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തടാകത്തിന് ജർമ്മനിയുടെ അഞ്ചിലൊന്ന് വലിപ്പമുണ്ട്. രണ്ട് വർഷം മുമ്പ് കണ്ടെത്തിയ വലിയ തടാകത്തിന്റെ 30 കി.മീ കുറുകെ മൂന്ന് ചെറിയ തടാകങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ഓരോ ചെറിയ തടാകത്തിനും ഓരോ കി.മീ വീതിയുണ്ട്. തടാകങ്ങൾ കണ്ടെത്താൻ മാർസ് എക്സ്പ്രസിലെ റഡാർ ഡാറ്റയാണ് ഗവേഷകർ ഉപയോഗിച്ചത്.
 ഉപ്പാണ് പ്രശ്നം
ജലത്തിന്റെ സാന്നിദ്ധ്യം ചൊവ്വയിലെ ആവാസവ്യവസ്ഥയുടെ അടയാളമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ടെങ്കിലും തടാകങ്ങളിലെ ഉപ്പിന്റെ അളവാണ് മുഖ്യ പ്രശ്നം. ചൊവ്വയിലെ തടാകങ്ങളിൽ വലിയ തോതിൽ കാണുന്ന ഉപ്പിന്റെ അളവാണ് ദ്രാവക രൂപമായി തുടരാൻ കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചൊവ്വയുടെ ആന്തരിക ഭാഗത്ത് നിന്ന് ചെറിയ അളവിൽ ചൂട് ഉണ്ടാകാം. ഇത് ഐസ് വെള്ളത്തിൽ ഉരുകാൻ മാത്രം മതിയാകില്ല. സമുദ്രജലത്തിന് സമാനമായ അഞ്ചിരട്ടി ഉപ്പാണെങ്കിൽ തടാകങ്ങളിൽ ജീവൻ നിലനിറുത്താൻ സാധിക്കും. എന്നാൽ, ഉപ്പിന്റെ സാന്നിദ്ധ്യം 20 ഇരട്ടിയാണെങ്കിൽ ജീവന്റെ സാന്നിദ്ധ്യം ഉറപ്പ് പറയാനാവില്ല. ഇത് തന്നെയാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. അതേസമയം, ജലാംശം ചൊവ്വയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് എല്ലാവർക്കും ഇതുവരെ ബോദ്ധ്യപ്പെട്ടിട്ടില്ല.