
തിരുവനന്തപുരം: സൈനികക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ, സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനിക പോരാളികൾക്കായി തലസ്ഥാനത്ത് യുദ്ധസ്‌മാരകം നിർമ്മിക്കുന്നു. ആക്കുളത്ത് ഇതിനായി 1.5 ഏക്കർ ഭൂമി റവന്യൂ വകുപ്പ് കണ്ടെത്തി. ഒന്നാംലോക മഹായുദ്ധത്തിൽ പങ്കെടുത്ത് ജീവൻ വെടിഞ്ഞവർക്കായി നഗരത്തിൽ പാളയം ഫൈൻ ആർട്സ് കോളേജിന് എതിർവശത്ത് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചിട്ടുണ്ട്.
നേരത്തെ ശംഖുമുഖത്ത് യുദ്ധസ്‌മാരകം നിർമ്മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, തീരത്ത് ഭൂമി ലഭിക്കാനുള്ള ബുദ്ധിമുട്ടുകളെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തിന് സമീപത്ത് ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ യുദ്ധസ്‌മാരകം നിർമ്മിക്കാൻ തീരുമാനിച്ചത്. ആക്കുളത്തുള്ള 1.5 ഏക്കർ പുറമ്പോക്ക് ഭൂമി സൈനിക ക്ഷേമ വകുപ്പിന് കൈമാറിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.
1962ലെ ഇന്ത്യ- ചൈന, 1965, 1971 എന്നീ വർഷങ്ങളിലെ ഇന്ത്യ -പാകിസ്ഥാൻ, 1999ലെ കാർഗിൽ യുദ്ധം എന്നിവയും ഒരു ദശാബ്ദത്തിനിടെ നടന്ന സൈനിക ഓപ്പറേഷൻസ് എന്നിവയിൽ ജീവൻ ബലിയർപ്പിച്ചവർക്കായി ഒരു സ്‌മാരകം വേണമെന്ന ആവശ്യം വിരമിച്ച സൈനികർ കാലങ്ങളായി ആവശ്യപ്പെട്ടു വരുന്നതാണ്.
1999 ജൂൺ 28ന് 1.15 ഏക്കർ ഭൂമി യുദ്ധസ്‌മാരകം നിർമ്മിക്കാനായി കൈമാറിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഈ ഭൂമി പ്രദേശവാസികൾ കൈയേറുകയും കളിസ്ഥലമാക്കി മാറ്റുകയും ചെയ്തു. പ്രദേശവാസികളുടെ ശക്തമായ ഏതിർപ്പിനെ തുടർന്ന് ഈ ഭൂമി സൈനികക്ഷേമ വകുപ്പിന് കൈമാറാനും കഴിഞ്ഞില്ല. തുടർന്ന് 2018 ജൂൺ 20ന് യുദ്ധസ്‌മാരകം സ്ഥാപിക്കുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചു. ആറംഗ സമിതി പ്രശ്നത്തെക്കുറിച്ച് പഠിക്കുകയും യുദ്ധസ്‌മാരകത്തിനായി മറ്റൊരു സ്ഥലം നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ആക്കുളത്തെ പുറമ്പോക്ക് ഭൂമി സ്‌മാരകത്തിനായി കണ്ടെത്തുകയും ചെയ്തു. സൈനികക്ഷേമ ഡയറക്ടറും ജോയിന്റ് സെക്രട്ടറിയും പ്രതിരോധ ഉദ്യോഗസ്ഥരും ഡെപ്യൂട്ടി കളക്ടറുമായി ചർച്ച ചെയ്ത ശേഷം യുദ്ധസ്‌മാരകം അവിടെ നിർമ്മിക്കാൻ തീരുമാനിക്കുകയുമായിരുന്നു.