
ദുബായ്: മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 151-ാം ജയന്തി ദിനത്തിൽ ബുർജ് ഖലീഫയിൽ പ്രത്യേക ദീപാലങ്കാരം. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സംയുക്തമായാണ് എൽ.ഇ.ഡി ഷോ ഒരുക്കിയത്. 'ഈ ലോകത്ത് എന്ത് മാറ്റം വന്നുകാണാൻ ആഗ്രഹിക്കുന്നുവോ അതാകുക - ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ അനശ്വരമായ വാക്കുകൾ, അദ്ദേഹത്തിന്റെ ജീവിതയാത്രയോടുള്ള ആദരസൂചകമായും അദ്ദേഹത്തിന്റെ 151-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായുമാണ് ബുർജ് ഖലീഫ ദീപാലംകൃതമായിരിക്കുന്നത് "- ബുർജ് ഖലീഫയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇപ്രകാരം കുറിച്ചിരുന്നു.
വൈഷ്ണവ ജനതോ എന്നാരംഭിക്കുന്ന പ്രശസ്ത ഭജനോട് കൂടിയായിരുന്നു ദുബായ് കോൺസുലേറ്റിന്റെ ഗാന്ധിജയന്തി ആഘോഷങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചത്. ആഘോഷങ്ങളുടെ ലൈവ് സ്ട്രീമിംഗും കോൺസുലേറ്റ് ഒരുക്കിയിരുന്നു.