covid

വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു. രോഗവ്യാപനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ മരണം ഒരു ലക്ഷം കടന്നു. വേൾഡ് ഒ മീറ്ററിന്റെ കണക്ക് പ്രകാരം ഇന്നലെ രാത്രി വരെ 100,875 പേ‌ർ മരിച്ചു. രോഗികളുടെ എണ്ണം 6,473,544. രോഗവ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാമതുള്ള അമേരിക്കയിൽ ഇതുവരെ 213,526 പേർ മരിച്ചു. 7,549,771 പേർ ചികിത്സയിലാണ്. ബ്രസീൽ, റഷ്യ എന്നിവയ്ക്കൊപ്പം കൊളംബിയ, പെറു, മെക്സിക്കോ, അർജന്റീന രാജ്യങ്ങളിലെ സ്ഥിതിയും അതീവ രൂക്ഷമാണ്. രണ്ടാം ഘട്ട വ്യാപന ഭീതിയിലാണ് സ്പെയിൻ. ദക്ഷിണാഫ്രിക്ക ഒഴിച്ച് മറ്റുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിതി നിയന്ത്രണാതീതമാണ്. അതേസമയം, ലോകത്താകെ മരണം 1,033,780 ആയി. രോഗികൾ - 34,863,870.

ട്രംപ് ആശുപത്രിയിൽ

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലേയ്ക്ക് മാറ്റി. ചെറിയ രോഗലക്ഷണങ്ങളുള്ള ട്രംപിന് നേരിയ തോതിൽ ശ്വസന പ്രശ്‌നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നടക്കുന്നതിനും മറ്റും ബുദ്ധിമുട്ടില്ല. രോഗം സ്ഥിരീകരിച്ചതോടെ മാസ്കിനെ എതിർത്തിരുന്ന ട്രംപ് മാസ്ക് ധരിക്കാനും ആരംഭിച്ചു. അതേസമയം അടുത്ത ഏതാനും ദിവസങ്ങളിൽ ആശുപത്രിയിലിരുന്ന് ട്രംപ് ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.

ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

തന്റെയും ഭാര്യ മെലാനിയയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ എന്നിവരടക്കം ട്രംപിന് രോഗവിമുക്തി നേർന്നിരുന്നു.

അതേസമയം, ട്രംപ് റംഡേസിവിർ, REGN-COV2 ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസ് എന്നിവ രോഗപ്രതിരോധത്തിനായി സ്വീകരിച്ചതായി റിപ്പോർട്ട്. അമേരിക്കയിൽ അവസാന ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലുള്ള കൊവിഡ് മരുന്നാണിത്. ഇതുവരെ മെഡിക്കൽ അനുമതി ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ട്രംപിന് ഈ ആന്റിബോഡി നൽകിയ അദ്ദേഹത്തിന്റെ മെഡിക്കൽ ടീമിനെ ആരോഗ്യവിദഗ്ദ്ധർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

 ബൈഡന് നെഗറ്റീവ്

ട്രംപിനൊപ്പം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തിൽ പങ്കെടുത്ത ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡന്റെ പരിശോധന ഫലം നെഗറ്റീവ്. എന്നാൽ, റിപ്പബ്ലിക്കൻ സെനറ്റർ തോം ടില്ലിസ്, ട്രംപിന്റെ മുൻ കൗൺസിലർ കെല്ല്യാൻ കോൺവർ എന്നിവർ പോസീറ്റിവായി.