
ഇളയ മകൾ ഷനായയുടെ ഒന്നാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് വിനീത് ശ്രീനിവാസൻ. മകൾ ജനിച്ചത് വലിയ പോരാട്ടം നടത്തിയാണ്, അതിനാൽ തന്നെ ജന്മനാ തന്നെ യോദ്ധാവാണ് അവൾ എന്നാണ് വിനീത് കുറിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കുഞ്ഞ് ഷനായ തന്നെ ആദ്യമായി 'പപ്പ' എന്ന് വിളിച്ചെന്നും വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിനീത് ശ്രീനിവാസന്റെ കുറിപ്പ്:
ഒരു വർഷം മുമ്പ് ഒരു ബുധനാഴ്ച രാത്രി ഹൃദയം എന്ന ചിത്രത്തിനായി ഒരു
ഗാനം ചിട്ടപ്പെടുത്തിയ ശേഷം ഞാൻ വൈറ്റിലയിലെ വാടക
അപ്പാർട്‌മെന്റിലെത്തി. പ്രസവത്തീയ്യതി ഒരു ദിവസം വൈകിയിരുന്നതിനാൽ
പ്രതീക്ഷിച്ചത് പോലെ തന്നെ ചില അസ്വസ്ഥകൾ ഉണ്ടന്ന് ദിവ്യ പറഞ്ഞിരുന്നു.
കനത്ത മഴയുള്ള രാത്രിയായിരുന്നു, പുലർച്ചെ മൂന്ന് മണിയോടെ ദിവ്യ
റെസ്റ്റ് റൂമിലേക്ക് പോകുന്നത് കണ്ടു. പാതിമയക്കത്തിൽ ആയിരുന്നതിനാൽ
എന്താണെന്ന് വ്യക്തതയുണ്ടായില്ല.
മൂന്നരയോടെ ദിവ്യ തോളിൽ തട്ടി കുഞ്ഞ് വരാറായെന്ന് തോന്നുന്നു എന്ന്
പറഞ്ഞു. പിന്നീട് പതിനാലര മണിക്കൂർ നീണ്ട പ്രസവവേദന. ഈ സമയം മുഴുവൻ
ഞാൻ അവൾക്കൊപ്പമായിരുന്നു. ഞാനിതുവരെ കണ്ടതിൽ വച്ചേറ്റവും വലിയ
പോരാട്ടം പോലെയാണ് അനുഭവപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ പ്രിയങ്കയുടെയും
ബർത്ത് വില്ലേജിലെ വയറ്റാട്ടികളുടെയും സഹായത്തോടെ ഞങ്ങളുടെ കുഞ്ഞു
മകൾ പുറത്തെത്തി. ഈ ലോകത്തിലേക്കെത്താൻ വലിയൊരു പോരാട്ടം തന്നെ അവൾ
നടത്തി.
ജന്മനാ യോദ്ധാവ്. എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ളതിനെക്കാളൊക്കെ
സുന്ദരമായിരുന്നു അവൾ. ഇപ്പോൾ അവൾ വാക്കുകൾ പറയാൻ തുടങ്ങി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആദ്യമായി 'പപ്പ' എന്നു വിളിച്ചു. 'ഷനായ
ഉദിച്ചുയരുന്ന സൂര്യന്റെ ആദ്യ കിരണം'. വിഹാനെപ്പോലെ തന്നെ… ഇന്ന്
ഒക്ടോബർ മൂന്ന് അവളുടെ ആദ്യ ജന്മദിനം.