suicide

മോസ്കോ: റഷ്യൻ മാദ്ധ്യമ പ്രവർത്തക ആഭ്യന്തര മന്ത്രാലയത്തിനു മുന്നിലെത്തി തീകൊളുത്തി ആത്മഹത്യ ചെയ്തു. തന്റെ മരണത്തിന് ഉത്തരവാദി റഷ്യൻ ഫെഡറേഷനാണെന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷമായിരുന്നു ഐറിന സ്ളാവിന (47)​ മന്ത്രാലയം സ്ഥിതി ചെയ്യുന്ന നിസ്നി നോവ്ഗോറോഡ് ഗോർക്കി സ്ട്രീറ്റിലെ ബെഞ്ചിലിരുന്ന് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഐറിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റഷ്യയിലെ പ്രമുഖ വാർത്താ പോർട്ടലായ കോസയുടെ പ്രസ് എഡിറ്റർ ഇൻ ചീഫായിരുന്ന ഐറിനയ്ക്ക് സർക്കാർ വിരുദ്ധ വാർത്തകൾ നൽകിയെന്നാരോപിച്ച് പൊലീസ് കഴിഞ്ഞ വർഷം പിഴ ശിക്ഷ വിധിച്ചിരുന്നു. ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ഓപ്പൺ റഷ്യ എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൊലീസ് ഐറിനയെ നിരന്തരം വേട്ടയാടിയിരുന്നു. ഐറിനയുടെ മരണത്തോടെ പോർട്ടൽ പ്രവർത്തനരഹിതമായി.രണ്ട് ദിവസം മുൻപ് അവരുടെ ഫ്ളാറ്റിൽ പൊലീസ് റെയ്ഡും നടന്നിരുന്നു. തന്റെ വീട്ടിലെ റെയ്ഡിനു പിന്നിൽ പ്രവർത്തിച്ചവരുടെ വിവരങ്ങൾ ഐറിൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് ആത്മഹത്യ.

ഐറിനയുടെ മരണം റഷ്യൻ സർക്കാർ അംഗീകരിച്ചെങ്കിലും അതിന് റെയ്ഡുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ മറുപടി നൽകാൻ തയാറായിട്ടില്ല. റഷ്യയിലെ അടിച്ചമർത്തലുകളുടെ നേർക്കാഴ്ചയാണ് ഐറിനയുടെ ആത്മാഹത്യയെന്ന് രാജ്യാന്തര അഭിപ്രായവും ഉയരുന്നുണ്ട്. ഭർത്താവ് പൊതു പ്രവർത്തകനാണ്. രണ്ട് കുട്ടികളുണ്ട്.

''അവർ എന്റെ നേർക്ക് വന്നില്ലായിരുന്നെങ്കിൽ, അതിനർത്ഥം ഇക്കാലമത്രയും ഞാനൊന്നും ചെയ്തിരുന്നില്ല എന്നാണ്. അങ്ങനെയല്ലേ? പിന്നീട് ചെയ്തതൊന്നും വെറുതെ ആയിരുന്നില്ലെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. എല്ലാ പിന്തുണയ്ക്കും നന്ദി

(ഐറിനയുടെ എഫ്ബി പോസ്റ്റ്)