
ദുബായ് : ഈ സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നും തോറ്റ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടാനിറങ്ങുന്നു. മുൻ സീസണുകളിലൊന്നും അധികം കണ്ടിട്ടില്ലാത്ത രീതിയിൽ ചെന്നൈ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തുള്ളപ്പോൾ ഇതിനകം മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ പഞ്ചാബ് തൊട്ടുമുകളിലാണ്.
കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയായിരുന്നു ചെന്നൈയുടെ മൂന്നാം തോൽവി. ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ തോൽപ്പിച്ച ചെന്നൈ പിന്നീട് രാജസ്ഥാൻ റോയൽസിനോടും ഡൽഹി ക്യാപ്പിറ്റൽസിനോടും തോറ്റിരുന്നു.
ദുബായ്‌യിൽ ഏഴു റൺസിനായിരുന്നു സൺറൈസേഴ്സിനെതിരായ തോൽവി. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 164/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ചെന്നൈ 157/5ലൊതുങ്ങുകയായിരുന്നു.
ആദ്യ ഒാവറിൽ ബെയർസ്റ്റോയെ (0) നഷ്ടമായെങ്കിലും നായകൻ ഡേവിഡ് വാർണർ(28), മനീഷ് പാണ്ഡെ (29) എന്നിവർ ചെറുത്തുനിന്നു.
11-ാംഒാവറിലെ അടുത്തടുത്ത പന്തുകളിൽ വാർണറും കേൻ വില്യംസണും (9) പുറത്തായശേഷം യുവ താരങ്ങളായ അഭിഷേകും (24 പന്തുകളിൽ 31 റൺസ്, നാലുഫോറും ഒരു സിക്സും ) പ്രിയം ഗാർഗും (26 പന്തുകളിൽ പുറത്താകാതെ 51 റൺസ്, ആറുഫോറും ഒരു സിക്സും) ചേർന്നാണ് മാന്യമായ സ്കോറിലെത്തിച്ചത്.
മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വാട്ട്സൺ(1), അമ്പാട്ടി റായ്ഡു (8),ഡുപ്ളെസി(22),കേദാർ യാദവ് (3) എന്നിവരുടെ വിക്കറ്റുകൾ നിരനിരയായി നഷ്ടപ്പെട്ടതോടെ 42/4 എന്ന സ്ഥിതിയിലായി.
അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ധോണിയും (36പന്തുകളിൽ പുറത്താകാതെ 47) പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്താനായില്ല. 18-ാം ഒാവറിൽ ജഡേജ പുറത്തായശേഷം ധോണിയും സാം കറാനും ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ക്ഷീണത്തോടെ ധോണി
മത്സരത്തിന്റെ അവസാന ഘട്ടമെത്തിയപ്പോഴേക്കും ദുബായ്‌യിലെ കടുത്ത ചൂട് ധോണിയെ തളർത്തിയിരുന്നു. ഡബിൾ തികയ്ക്കാൻ അതിവേഗത്തിൽ ഒാടിയ ശേഷം ധോണി മാറിനിന്ന് ചുമയ്ക്കുകയും ചെയ്തു.
ഭുവിക്ക് പരിക്ക്
സൺറൈസേഴ്സിന്റെ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന് പരിക്കുമൂലം ബൗളിംഗ് പൂർത്തിയാക്കാനായില്ല. 19-ാം ഒാവറിലെ രണ്ടാം പന്ത് എറിയാനൊരുങ്ങിയപ്പോഴാണ് പരിക്കേറ്റത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ശ്രമിച്ചിട്ടും നടക്കാതിരുന്നതോടെ കളിക്കളത്തിൽ നിന്ന് പിന്മാറി.
194
ഏറ്റവും കൂടുതൽ ഐ.പി.എൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കാഡ് ഇനി ധോണിക്ക് . ഹൈദരാബാദിനെതിരായ മത്സരത്തോടെ സുരേഷ് റെയ്നയുടെ 193 മത്സരങ്ങളുടെ റെക്കാഡാണ് ധോണി മറികടന്നത്. രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്. (192)
ഐ.പി.എല്ലിൽ 2000 റൺസും 100 വിക്കറ്റുകളും തികയ്ക്കുന്ന ആദ്യ ആൾറൗണ്ടറായി രവീന്ദ്ര ജഡേജ.തന്റെ ഐ.പി.എൽ കരിയറിലെ ആദ്യ അർദ്ധസെഞ്ച്വറിയാണ് വെള്ളിയാഴ്ച നേടിയത്.
ഇന്നത്തെ മത്സരങ്ങൾ
ഹൈദരാബാദ് Vs മുംബയ്
(വൈകിട്ട് 3.30 മുതൽ )
ചെന്നൈ Vs പഞ്ചാബ്
(രാത്രി 7.30 മുതൽ )