hathras

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഹത്രാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി പോയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് എം.പിമാരുടെ സംഘത്തെ ഹത്രാസിലേക്ക് കടത്തിവിട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അതിർത്തിയിൽ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം രാഹുലിനും പ്രിയങ്കയ്‌ക്കും ഹത്രാസിലേക്ക് പോകാനായി അനുമതി നൽകുകയായിരുന്നു. ഒപ്പം അഞ്ച് നേതാക്കൾക്ക് മാത്രമാണ് പോകാൻ അനുമതി നൽകിയത്. കെ.സി വേണുഗോപാൽ, അധിർരഞ്ജൻ ചൗധരി, ഗുലാംനബി ആസാദ് തുടങ്ങിയവരും അഞ്ചംഗ സംഘത്തിലുണ്ട്.

പ്രിയങ്ക ഗാന്ധി ഓടിച്ച കാറിലാണ് രാഹുൽ ഗാന്ധി നോയിഡ അതിർത്തിയിലെത്തിയത്. നൂറു കണക്കിന് പ്രവർത്തകരും സംഘത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് അതിർത്തിയിലെത്തിയിരുന്നു. പ്രവർത്തകർ ശാന്തരായിരിക്കണമെന്ന് രാഹുൽ ആഹ്വാനം ചെയ്‌തു. രാഹുലിന്റെ വാഹനത്തിനൊപ്പം പ്രവർത്തകർ നടന്ന് നീങ്ങിയത് പൊലീസിനെ പ്രകോപിപ്പിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശുന്ന സ്ഥിതിവിശേഷവുമുണ്ടായി. പ്രദേശത്ത് ഒരുപാട് നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. രണ്ടാം തവണയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ ബന്ധുക്കളെ കാണാനുള്ള ശ്രമവുമായി ഹത്രാസിലേക്ക് പോകുന്നത്.

എം.പിമാർ ഉൾപ്പടെ മുപ്പതോളം കോൺഗ്രസ് നേതാക്കളുടെ സംഘവും രാഹുലിനെ അനുഗമിച്ച് എത്തിയിരുന്നു. അതിർത്തിയിൽ തടഞ്ഞ നേതാക്കളുടെ കൂട്ടത്തിൽ കേരളത്തിൽ നിന്ന് ശശിതരൂർ എം.പിയുമുണ്ടായിരുന്നു. രാഹുലും നേതാക്കളും വരുന്നതറിഞ്ഞ് ഡൽഹി-നോയിഡ ഡയറക്‌ട് ഫ്‌ളൈവേയിൽ ബാരിക്കേഡുകൾ തീർത്ത് വൻ പൊലീസ് സംഘമാണ് നിലയുറപ്പിച്ചത്.

രാഷ്ട്രീയ നേതാക്കളെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ അനുമതി നൽകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു യോഗി ആദിത്യനാഥ് സർക്കാർ. മാദ്ധ്യമങ്ങൾക്കും ഗ്രാമത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കനത്ത പ്രതിഷേധം ഉയർന്നതോടെ പിന്നീട് വിലക്ക് നീക്കി. ഹത്രാസിൽ അധിക നേരം ചിലവഴിക്കില്ല എന്ന ഉറപ്പിന്മേലാണ് നേതാക്കളെ ഇപ്പോൾ അതിർത്തിയിൽ നിന്നും കടത്തിവിട്ടിരിക്കുന്നത്.