
കാൻബറ: ചിത്രകലയിൽ വിസ്മയം തീർക്കുകയാണ് ഹൈപ്പർ റിയലിസ്റ്റിക് കളർ പെൻസിൽ ഡ്രോയിംഗുകളിൽ വൈദഗ്ദ്ധ്യം നേടിയ ഷോൺ മക്കെൻസി എന്ന അപൂർവ പ്രതിഭ. ഫോട്ടോകൾക്ക് സമാനമാണ് ഷോൺ വരച്ച ചിത്രങ്ങൾ. സമൂഹ മാദ്ധ്യമങ്ങളിൽ നീയല്ലോ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് ആസ്ട്രേലിയൻ സ്വദേശിയായ ഷോൺ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. 60 മുതൽ 80 മണിക്കൂർ വരെ സമയമെടുത്താണ് ഓരോ മാസ്റ്റർപീസുകളും ഷോൺ സൃഷ്ടിക്കുന്നത്. ചിത്രങ്ങൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ അത് പെസിൽകൊണ്ട് വരച്ചവയാണെന്ന് മനസിലാവുകയുള്ളൂ.
യഥാർത്ഥത്തിൽ ഒരു ഡ്രോയിംഗ് പൂർത്തിയാക്കാൻ ആവശ്യമായ ശരാശരി സമയം മാത്രമാണിത്. ചില ചിത്രങ്ങൾ 15 മണിക്കൂറോളം സമയമെടുത്ത് പൂർത്തിയാക്കിയിട്ടുണ്ട്. ചിലത് 280 മണിക്കൂറിലധികം ചെലവഴിച്ചും. ഇത്തരം ചിത്രങ്ങൾ വരയ്ക്കുന്നതിന് കഠിനാദ്ധ്വാനത്തിനൊപ്പം ക്ഷമയും വേണമെന്ന് ഷോൺ പറയുന്നു.
ഏകദേശം നാല് വർഷമായി ഷോൺ തന്റെ യൂട്യൂബ് ചാനലിൽ ടൈംലാപ്സ് വീഡിയോകളും ട്യൂട്ടോറിയലുകളും പോസ്റ്റുചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാം, ട്വിറ്റർ പോലുള്ള മറ്റ് സമൂഹമാദ്ധ്യമങ്ങളിലും ഷോൺ സജീവമാണ്.
ഷോണിന്റെ ഡ്രോയിംഗുകൾ വിൽക്കുകയോ അതിന് കമ്മിഷൻ ലഭിക്കുകയോ ചെയ്യുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ അദ്ദേഹത്തിന്റെ ചില വർക്കുകൾക്ക് പണം നൽകുന്ന ധാരാളം പേരുണ്ട്.