
റിയാദ്: ജനിക്കുന്നെങ്കിൽ അൽ അഹ്സയിലെ കുതിരയായി ജനിച്ചാൽ മതിയായിരുന്നു. എന്തൊക്കെ സൗകര്യങ്ങളാണെന്നോ അവർക്കായി അവിടെ ഒരുക്കുന്നത്. സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവിശ്യയായ അൽ അഹ്സയ്ക്ക് കുതിരകളുടെ പറുദീസ എന്ന് പേരിട്ടാലും കുഴപ്പമില്ല. ഇളം നീല നിറത്തിലുള്ള 400 കുതിരാലയങ്ങളിലായി 3000ത്തോളം കുതിരകളാണ് ഇവിടെ പരിപാലിക്കപ്പെടുന്നത്. കുതിരപ്പന്തയത്തിനും വിനോദ സഞ്ചാരത്തിനും ഒക്കെയുള്ള കുതിരകളിലേറെയും അൽ അഹ്സയിൽ നിന്നുള്ളതാണ്. ഓരോ കുതിരകളെയും പരിശോധിക്കാൻ വിദഗ്ദ്ധരായ വെറ്ററിനറി ഡോക്ടർമാരുണ്ട്. മികച്ച ഭക്ഷണത്തോടൊപ്പം നീന്തി നീരാടാനായി സ്വന്തമായി സ്വിമ്മിംഗ് പൂളുകളുമുണ്ട് ഇവർക്ക്. കുതിരപ്പന്തയത്തിൽ പങ്കെടുക്കുന്ന വീരന്മാർക്ക് മസിലുകൾ വരുത്തുന്നതിനായി സ്പെഷ്യൽ സ്വിമ്മിംഗ് രീതി തന്നെ ഇവിടെയുണ്ട്. കുതിരപ്പന്തയത്തിനും വിനോദത്തിനുമായി പോകുന്ന കുതിരകൾക്ക് പ്രത്യേക പരീശീലനവും നൽകുന്നുണ്ട്. പന്തയങ്ങളിലെ വേഗതയിൽപ്പെട്ട് അപകടത്തിലാകുന്ന കുതിരകളെയും ഇവിടെ സംരക്ഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കുതിരകളെന്നാണ് സൗദി കുതിരകൾ അറിയപ്പെടുന്നത്. നീണ്ട മുടിയുള്ള വാലും മിനുത്ത ശരീരവും ഒക്കെയായി രാജകലയാണ് ഇവയ്ക്ക്.