sreenivasan

പത്തനംതിട്ട: കേരളത്തിലെ നക്‌സൽ പോരാട്ടങ്ങളെ അടിച്ചമർത്തിയ പൊലീസ് സംഘത്തിലെ പ്രധാനിയായിരുന്ന വള്ളിക്കോട് കുന്നത്തുശേരിൽ പി. ശ്രീനിവാസൻ (78) അന്തരിച്ചു. സംസ്‌കാരം പിന്നീട്.

1968ൽ അജിത, ഫിലിപ്പ് എം. പ്രസാദ്, രാമൻ നായർ എന്നിവരടക്കം ഒൻപതുപേരെ അറസ്റ്റു ചെയ്തത് അന്ന് സബ് ഇൻസ്‌പെക്ടറായിരുന്ന ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു. 1968ൽ കണ്ണൂരിലെ പേരാവൂർ സ്റ്റേഷനിൽ എസ്‌.ഐയായാണ് ആദ്യ നിയമനം. ആ വർഷം നവംബർ 22ന് നക്സലുകൾ നടത്തിയ തലശേരി സ്റ്റേഷൻ ആക്രമണശ്രമവും 24ന് നടന്ന പുൽപ്പള്ളി സ്റ്റേഷൻ ആക്രമണവും പൊലീസ് സേനയ്ക്ക് നാണക്കേടായി മാറിയപ്പോഴാണ് 1968 ഡിസംബർ രണ്ടിന് ശ്രീനിവാസന്റെ നേതൃത്വത്തിൽ നക്‌സൽ നേതാക്കളെ അറസ്റ്റു ചെയ്യുന്നത്. പൊലീസിനൊപ്പം ചേർന്ന നക്‌സലറ്റ് രാമൻനായർ, ചെല്ലപ്പൻ നായർ എന്നിവർക്കൊപ്പം ആയുധങ്ങൾ കണ്ടെത്താൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ അതിസാഹസികമായി തിരുനെല്ലി കാട്ടിലൂടെ നടത്തിയ യാത്ര മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. വർഗീസിനെ പിടികൂടാൻ നിയോഗിച്ച മൂന്നു സംഘങ്ങളിൽ ഒന്നിനെ നയിച്ചിരുന്നത് ശ്രീനിവാസനായിരുന്നു. വടക്കേ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച നക്‌സൽ ഗ്രൂപ്പുകളെ അമർച്ച ചെയ്യുന്നതിനും നേതൃത്വം നൽകി.

കൂത്തുപറമ്പിൽ സി.ഐ ആയിരുന്നപ്പോൾ തലശേരിയിലും പരിസര പ്രദേശത്തും നടന്ന കലാപങ്ങൾ, പുനലൂർ ഡിവൈ.എസ്.പി ആയിരുന്നപ്പോൾ നടന്ന പെരുമൺ ദുരന്തം, പള്ളിക്കത്തോട്, ശക്തികുളങ്ങര വെടിവെയ്പ്പ് എന്നിവയുടെ അന്വേഷണങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. 1997ൽ ഐ.പി.എസ് നേടി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ് വിരമിച്ചത്. ഭാര്യ: സുധ. മക്കൾ:സരിത സുധീർ, കവിത അനിൽ, സുമി സനൽ.