
ഫോർട്ട് കൊച്ചിയിൽ റോഡിലേക്ക് നോക്കി നില്പാണ് 'സുജാത", വിനയ് ഫോർട്ടിന്റെ സ്വപ്ന വീട്. ഇളംവെളുപ്പ് നിറക്കാരിയാണ് 'സുജാത".മുറ്റത്ത് തണൽക്കുട ഒരുക്കി സർവസുഗന്ധിയും ചെമ്പോട്ടിക്കയും. 'സുജാത"യുടെ തലയെടുപ്പുണ്ട് രണ്ടുപേർക്കും.അപ്പോൾ നിറഞ്ഞു ചിരിച്ച് വിനയ് ഫോർട്ട് അകത്തുനിന്നു ഇറങ്ങി വന്നു. കൈയിൽ തൂങ്ങി വന്ന ചിരിക്ക് വയസ് മൂന്നര. വീട്ടിലെ താരം മകൻ വിഹാനുമായി വീടിന്റെ ഗേറ്റിന് മുൻപിലേക്ക് നടന്നു. പതിറ്റാണ്ടുകൾ നീണ്ട കൊളോണിയൽ വാഴ്ചയുടെ ചരിത്രം പേറുന്ന ഭാവമില്ലാതെ ഫോർട്ട് കൊച്ചി അവരെ നോക്കി ചിരിച്ചു.അപ്പോൾ വിനയ് ഫോർട്ട് മിണ്ടിത്തുടങ്ങി.''ഫോർട്ട് കൊച്ചിയിലാണ് ഞാൻ ജനിച്ചുവളർന്നത് . നാട് എനിക്ക് ഒരു വികാരമാണ് . ഫോർട്ട് കൊച്ചിയിൽ സൗകര്യങ്ങൾ നിറഞ്ഞ ഒരു വീട് ഒരുപാട് ആഗ്രഹിച്ചു.ഷൂട്ടിങിന്റെ തിരക്കുകൾ കഴിഞ്ഞു വരുമ്പോൾ പോസിറ്റീവ് എനർജി പകർന്ന് തരുന്ന വീടായിരിക്കണം. 
അമ്മയുടെ പേരാണ് വീടിന്. ജീവിതത്തിൽ ഞാൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും പ്രചോദനം പകർന്നത് അമ്മയാണ്. പുതിയ വീട് പണികഴിപ്പിക്കുമ്പോൾ അമ്മയുടെ പേര് ഇടണമെന്ന് ആഗ്രഹിച്ചു. വീടിനു മുൻപേ പേര് കിട്ടി. ജീവിതത്തിൽ എന്തു കാര്യം ചെയ്യുമ്പോഴും അതു അമ്മയുമായി ചേരണമെന്ന് ആഗ്രഹിക്കാറുണ്ട്. വീടിന്റെ പേര് സസ്പൻസായി വച്ചു. ഗൃഹപ്രവേശത്തിന് തലേദിവസം പേര് കുറിച്ചു, ജീവിതത്തിൽ വീഴുകയും തളരുകയും ചെയ്തപ്പോൾ പിൻതുണ നല്കി മുൻപോട്ട് നയിച്ച അമ്മയ്ക്ക് നല്കുന്ന ആദരം"". മൂന്നര സെന്റിൽ മൂന്നു നിലകളിൽ പണികഴിപ്പിച്ച വീടിനകത്ത് കാറ്റും വെളിച്ചവും എപ്പോഴും കയറിവരുന്ന അതിഥികളാണ്. കാറ്റിന്റെ കൈ പിടിച്ച് വിനയ് വീടിനകത്തേക്ക് കയറി. ലിവിങ് ഏരിയയിലെ സോഫയിൽ ഇരുന്നു. മിനിമൽ ശൈലിയിലാണ് ഇന്റീരിയർ. '' ഫോർട്ട് കൊച്ചിയിൽ ജീവിച്ചവർക്ക് മറ്റൊരു സ്ഥലത്ത് മാറിത്താമസിക്കാൻ ബുദ്ധിമുട്ടാണ്. ഇവിടത്തെ സംസ് കാരം, സ്നേഹം, ഭക്ഷണം, സംഗീതം എല്ലാം എന്നിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. ഒരു പ്രത്യേക സുഖമാണ് ഇവിടത്തെ താമസത്തിന്. നാടുമായുള്ള ബന്ധം എന്റെ പേരിനൊപ്പമുണ്ട്. അച്ഛനും അമ്മയ്ക്കും വന്നു ചേരാവുന്ന സ്ഥലത്ത് വീട് പണികഴിപ്പിക്കണമെന്ന് ആഗ്രഹിച്ചു. അച് ഛനും അമ്മയും ഒപ്പമുണ്ട്. തറവാട് വീട്ടിൽനിന്ന് നടന്നു വരാവുന്ന ദൂരെമേയുള്ളൂ .എറണാകുളത്ത് താമസിച്ചാൽ അച്ഛനും അമ്മയുമായി വലിയ അകലം ഉണ്ടാവും. 
അതു പാടില്ലെന്ന് ഉറപ്പിച്ചു.അച്ഛന്റെയും അമ്മയയുടെയും ഹൃദയമാണ് വിഹാൻ. വീട്ടിൽ അമ്മയുടെ സാന്നിദ്ധ്യം എപ്പോഴും വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ . ഈ സ്ഥലം കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. സർവസുഗന്ധി മരത്തിൽ ആദ്യം കണ്ണുടക്കി.ഇവിടെ ഒരു വീട് വേണമെന്ന് കുഞ്ഞുനാൾ മുതൽ ആഗ്രഹിച്ചു. ഫോർട്ടുകൊച്ചിയുടെ ഹൃദയമാണ് ദ്രാേണാചാര്യ മെയിൻ ഗേറ്റ് സ്ഥിതി ചെയ്യുന്ന കെ. ജെ ഹെർഷൽ റോഡ്.'' വീടിനു മുൻപിലെ റോഡിൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ വലിയ തണൽക്കുടകൾ. ചുറ്റും ശാന്തമായ അന്തരീക്ഷം. അപ്പോൾ വീടിനകത്തേക്ക് കാറ്റ് കയറി വന്നു. ""ഒരു ഫ്ളാറ്റ് വാങ്ങിക്കൂടെ എന്നു ചോദിച്ചവരുണ്ട്. എനിക്ക് മണ്ണിൽ ചവിട്ടി ജീവിക്കാനാണ് ആഗ്രഹം. വീട് പണികഴിപ്പിക്കുക എന്നത് മുൻകൂട്ടി പ്ളാൻ ചെയ്യാൻ കഴിയുന്ന കാര്യമല്ല. എല്ലാവരുടെയും ജീവിതത്തിലെ പോലെ പെട്ടെന്ന് അതു അങ്ങ് സംഭവിച്ചു. ഫോർട്ട് കൊച്ചിയിൽ താമസിച്ചതിനാൽ സ്ഥല പരിമിതി ബാധിച്ചില്ല. 2300ചതുരശ്ര വിസ്തീർണമുണ്ട്. സുനിൽ ജോർജ് എന്ന സുഹൃത്താണ് ഡിസൈൻ നിർവഹിച്ചത്.