mm-hassan

തിരുവനന്തപുരം: പാർട്ടിയ്‌ക്കകത്ത് പുന:സംഘടന ഉണ്ടായ പശ്ചാത്തലത്തിൽ തനിക്ക് ലഭിച്ച ഉത്തരവാദിത്തം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുമെന്ന് യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട എം.എം ഹസൻ 'ഫ്ളാഷി"നോട്. സ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഒരാളാണ് ഞാൻ. യു.ഡി.എഫിന്റെ കൺവീനർ സ്ഥാനം പാർട്ടി നൽകുന്ന അംഗീകാരമാണ്. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനെ സജ്ജമാക്കാനുളള പ്രവർത്തനങ്ങൾ വെല്ലുവിളിയാണ്. അത് ഏറ്റെടുത്ത് നടത്താൻ ലഭിക്കുന്ന അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം ഫ്ളാഷിനോട് പറഞ്ഞു.

ഞങ്ങളുടെ അടിത്തറ ഭദ്രം

യു.ഡി.എഫിന്റെ അടിത്തറ വളരെ ഭദ്രമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അതെല്ലാം കണ്ടതാണ്. എത്ര പാർട്ടിയുണ്ട് എന്നതല്ല, ഉളള പാർട്ടികളുടെ ജനപിന്തുണയിലാണ് കാര്യം. കോൺഗ്രസ്, ലീഗ്, കേരള കോൺഗ്രസ് ഇവയുടെയൊക്കെ ജനകീയ അടിത്തറ ശക്തമാണ്. ജോസ് കെ. മാണിയെ തിരിച്ചു കൊണ്ടുവരാനുളള ശ്രമങ്ങളൊന്നും നടത്തില്ല. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്, എല്ലാം അവസാനിച്ചു. മുന്നണിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെതിരായ ജനരോഷം ആളിക്കത്തുന്നത് ഗുണം ചെയ്യുന്നത് യു.ഡി.എഫിന് തന്നെയാകും.

പരസ്യമായി അറിയിക്കുമ്പോൾ ആലോചന

കേരള രാഷ്ട്രീയത്തിൽ മുന്നണി മാറ്റങ്ങളെല്ലാം രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ട് ഉണ്ടാകുന്നതാണ്. ജനതാദളും ജോസുമൊക്കെ പോയത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ല. അതുകൊണ്ട് എൽ.ഡി.എഫിന്റെ ജനകീയത വർദ്ധിച്ചിട്ടുമില്ല. ആരെയും യു.ഡി.എഫിലേക്ക് കൊണ്ടുവരാനുളള ശ്രമം നടത്തില്ല. ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾ യു.ഡി.എഫിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരത് പരസ്യമായി അറിയിച്ചാൽ അപ്പോൾ ഞങ്ങൾ ആലോചിക്കും. ആരെയും അടർത്തിക്കൊണ്ടുവരിക എന്നത് യു.ഡി.എഫിന് മുന്നിലെ അജണ്ടയല്ല.

അതൊക്കെ അടിസ്ഥാനരഹിതം

തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് സഖ്യം ഉണ്ടാക്കുന്നു എന്നീ കാര്യങ്ങളൊന്നും യു.ഡി.എഫിൽ ചർച്ച ചെയ്‌തിട്ടില്ല. അതൊക്കെ മാർക്സിസ്റ്റ് പാർട്ടി നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾ മാത്രമാണ്. ലീഗ് വളരെ വ്യക്തമായി അവരുടെ സ്റ്റാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെതിരായ വികാരത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാണ് ഇത്തരം വാർത്തകൾ.

രാജികൾ ക്ഷീണമായില്ല

കോൺഗ്രസിനകത്ത് യാതൊരു പ്രശ്‌നവുമില്ല. കോൺഗ്രസിലെ ചില നേതാക്കന്മാർ പരസ്യ പ്രസ്താവന നടത്തി. പാർട്ടി കാര്യങ്ങൾ പരസ്യമായി മാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ച് പാർട്ടിയിൽ തർക്കം ഉണ്ടെന്ന് വരുത്താൻ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് തന്നെ അവരോട് പറഞ്ഞു. അതോടെ എല്ലാം അവസാനിച്ചു. രാജികളൊന്നും പാർട്ടിയ്‌ക്കകത്ത് ക്ഷീണമുണ്ടാക്കിയിട്ടില്ല. തർക്കങ്ങളുടെ പേരിലല്ല അവരൊന്നും രാജിവച്ചത്.

സമരങ്ങൾ ഇങ്ങനെ

കൊവിഡിന്റെ എല്ലാ രോഗ പ്രതിരോധ പ്രവർത്തനങ്ങളും പാലിച്ചുകൊണ്ടായിരിക്കും യു.ഡി.എഫ് സർക്കാരിനെതിരെ പ്രതിഷേധങ്ങൾ നടത്തുക. ആൾക്കൂട്ട സമരങ്ങൾ തത്ക്കാലം നിർത്തിവച്ചത് അതുകൊണ്ടാണ്. പക്ഷെ ഈ സർക്കാരിന്റെ അഴിമതിക്കെതിരായി ഞങ്ങൾ പ്രതിഷേധം പ്രകടിപ്പിക്കും. നിരോധനാജ്ഞ പൂർണമായും പാലിച്ചായിരിക്കും പ്രതിഷേധങ്ങൾ.

രമേശ് ഫോണൊന്നും വാങ്ങിയില്ല

സ്വർണക്കടത്ത് കേസിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ചെന്ന് നിൽക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. സ്വർണക്കടത്ത് പ്രതികളെ പൊളിറ്റിക്കലായി സംരക്ഷിക്കാൻ കോൺഗ്രസോ ലീഗോ തയ്യാറായിട്ടില്ല. ഞങ്ങൾക്ക് കളളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പറയുന്നത് മന്ത്രിമാർക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ്. ആരെ പിടിച്ചാലും അവരുടെ രാഷ്ട്രീയം എന്തായാലും അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളിൽ യു.ഡി.എഫ് അഭിപ്രായം പറയില്ല. എല്ലാ അന്വേഷണത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്. ഐ ഫോൺ വിവാദത്തിൽ കോടിയേരിയാണ് വെട്ടിലായിരിക്കുന്നത്. രമേശ് ഫോണൊന്നും വാങ്ങിയിട്ടില്ല. അഴിമതി നടത്തിയ യൂണിടാക് ഉടമസ്ഥനെ കൊണ്ട് ഇവർ കളള സത്യവാങ്ങ്മൂലം എഴുതി കൊടുത്തിരിക്കുകയാണ്.

തിരുവനന്തപുരം പിടിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരത്തെയുളളത് പോലെയുളള മുൻതൂക്കമൊന്നും ഇക്കൊല്ലമുണ്ടാകില്ല. ബി.ജെ.പിയെയും എൽ.ഡി.എഫിനെയും തോൽപ്പിച്ച് തിരുവനന്തപുരം കോർപ്പറേഷൻ അടക്കം യു.ഡി.എഫ് പിടിക്കും. അതിനുളള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

യു.ഡി.എഫ് തിരിച്ചു വരും

ഭരണ തുടർച്ചയെപ്പറ്റി വലിയ അവകാശവാദങ്ങൾ പറഞ്ഞിരുന്ന മാർക്സിസ്റ്റ് പാർട്ടി ഇപ്പോൾ ഭരണ തുടർച്ചയെപ്പറ്റിയൊന്നും പറയുന്നില്ല. ഇപ്പോൾ പ്രതിപക്ഷ സമരം വിമോചന സമരമാണെന്നാണ് പറഞ്ഞ് നടക്കുന്നത്. രണ്ടാം കക്ഷിയായ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി ഭരണ തുടർച്ചയ്‌ക്കുളള സാദ്ധ്യത മങ്ങിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതു തന്നെ തെളിവാണ്. ആറു മാസക്കാലം അഴിമതിയുടെ പെരുമഴക്കാലമായിരുന്നു. പിണറായി വിജയനും മന്ത്രിമാരും എല്ലാം പ്രതിക്കൂട്ടിലാണ്. എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകില്ല. നല്ല ഭൂരിപക്ഷത്തോടെ യു.ഡി.എഫ് തിരിച്ചുവരും. 2011ലേതിനെക്കാൾ നല്ല മാർജിനിലായിരിക്കും യു.ഡി.എഫ് ഭരണം പിടിക്കുക.