
ബാലതാരമായി സ്വപ്ന സഞ്ചാരിയിലും,
നായികയായി ആക്ഷൻ ഹീറോ ബിജുവിലും അഭിനയിച്ച
ഇപ്പോൾ തെലുങ്കിലെ മുൻനിര താരമായ അനു ഇമ്മാനുവേലിന്റെ വിശേഷങ്ങൾ
മനോജ് വിജയരാജ്
അമേരിക്കയിൽ ജനിച്ചു വളർന്ന കോട്ടയത്ത് വേരുകളുള്ള മലയാളി പെൺകുട്ടിയാണ് അനു ഇമ്മാനുവൽ. അല്ലു അർജുന്റെയും നാഗ ചൈതന്യയുടെയും നാനിയുടെയും പവൻ കല്യാണിന്റെയും സിനിമകളുടെ ആരാധികയായ അനു വർഷങ്ങൾക്കുശേഷം അവരുടെ നായികയായി.തെലുങ്ക് സിനിമയിൽ സൂപ്പർ നായികപദവിയിൽ എത്താൻ മൂന്നുവർഷമേ വേണ്ടിവന്നുള്ളൂ.അഭിനയിച്ച സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ്. പെട്ടെന്ന് ഒരു ദിവസം ഹൈദരാബാദിലേക്ക് ജീവിതം തന്നെ പറിച്ചു നടേണ്ടി വന്നു അനുവിന്. സിനിമ തന്നെയാണ് വഴിയെന്ന് ഹൈദരാബാദ് നഗരം അനുവിനോട് പറഞ്ഞു.തെലുങ്കിൽ ഇനി വരാൻ പോവുന്നത് ശ്രീനിവാസ് സായിയുടെ നായികയാകുന്ന സിനിമ. തമിഴിൽ കാത്തിരിക്കുന്നത് മൂന്നു സിനിമകൾ. തമിഴിൽ വിശാലിന്റെയും ശിവകാർത്തികേയന്റെയും നായികയായപ്പോൾ അവിടെയും വിജയക്കൊടി പാറിക്കാൻ അനുവിന് കഴിഞ്ഞു.
മലയാളത്തിലൂടെയാണ് എത്തിയതെങ്കിലും തെലുങ്ക് സിനിമയല്ലേ പ്രശസ്തി സമ്മാനിച്ചത്?
എന്റെ ജീവിതം തന്നെ മാറി. ആക്ഷൻ ഹീറോ ബിജു കഴിഞ്ഞു യു എസിന് മടങ്ങി. ആസമയത്ത് തമിഴിൽനിന്നും തെലുങ്കിൽനിന്നും ഒാഫർ വന്നു. നാനിയുടെ സിനിമയുടെ ഒാഡിഷൻ സ്കൈപ്പിലൂടെ പങ്കെടുത്തു.എന്നാൽ അപ്രതീക്ഷിതമായി വിളി വന്നു. അതാണ് എന്റെ ആദ്യ തെലുങ്ക് സിനിമ മജ്നു. ഹൈദരാബാദിന് വരാൻ അവർ ടിക്കറ്റ് അയച്ചു തന്നു. ഹൈദരാബാദിൽ വരുന്നതുതന്നെ ആദ്യം. പിന്നീട് മടങ്ങിപോയില്ല. തെലുങ്കിൽ ഏഴു സിനിമകളിൽ അഭിനയിച്ചു. അല്ലു അർജുന്റെയും നാഗ ചൈതന്യയുടെയും പവൻ കല്യാണിന്റെയും നാനിയുടെയും ഗോപിചന്ദിന്റെയും നായികയായി.
അനുവിന് മലയാള സിനിമ വേണ്ടേ ?
മലയാള സിനിമ വേണ്ടെന്ന് ഒരിക്കലും പറയില്ല. ഉപേക്ഷിച്ചിട്ടുമില്ല.മലയാളത്തിൽ അസിൻ ഒരു സിനിമയിലാണ് അഭിനയിച്ചത്. നയൻതാര വല്ലപ്പോഴുമാണ് മലയാളത്തിൽ അഭിനയിക്കുക. അങ്ങനെ സംഭവിക്കുന്നതിന് അവർക്ക് അവരുടേതായ കാരണമുണ്ടാവും. നായിക പ്രാധാന്യമുള്ള കഥാപാത്രം എന്നെ തേടി വരുന്നില്ല. എന്നാൽ നേരത്തേ മലയാളത്തിൽനിന്ന് രണ്ടുമൂന്നു സിനിമകൾ വന്നിരുന്നു. ആസമയത്ത് ഞാൻ ഹൈദരബാദിലും ചെന്നൈയിലും തമിഴ്, തെലുങ്ക് സിനിമയുടെ തിരക്കിൽ. ഡേറ്റ് നൽകാൻ കഴിയാത്ത സാഹചര്യമായതിനാൽ ഉപേക്ഷിക്കേണ്ടി വന്നു. നല്ല കഥാപാത്രം വന്നാൽ മലയാളത്തിൽ ഇനിയും അഭിനയിക്കും.
സോഷ്യൽ മീഡിയയിൽ ഗ്ളാമറസായി പ്രത്യക്ഷപ്പെടുന്നുവെന്ന് വിമർശനം ഉയരുന്നുണ്ട്?
മറ്റു താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. ദിവസവും പോസ്റ്റ് ചെയ്യാറില്ല. അതിനാൽ ഫോളോവേഴ് സിന് എന്നെ മിസ് ചെയ്യാറില്ല. ഗ്ളാമറസായി വന്നാൽ കുറ്റം. എന്തിനാണ് ഇത്ര ഗ്ളാമറസ് എന്നു കേൾക്കേണ്ടി വരും. വന്നില്ലെങ്കിൽ എന്താണ് ഗ്ളാമറസാവാത്തതെന്ന ചോദ്യം ഉണ്ടാവും. വിമർശനങ്ങളെ എല്ലാം ഗൗരവമായി കണ്ടാലും കുഴപ്പമാണ്. കമന്റുകൾ ശ്രദ്ധിക്കാറില്ല.