bank

7,000 കോടി ബാദ്ധ്യത കേന്ദ്രം വഹിക്കും

ന്യൂഡൽഹി: മോറട്ടോറിയം നേടിയ രണ്ടു കോടി രൂപവരെയുള്ള വായ്‌പകളുടെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വായ്‌പകളുടെ, മാർച്ച് ഒന്നു മുതൽ ആഗസ്‌റ്റ് 31 വരെയുള്ള തിരിച്ചടവിനാണ് റിസർവ് ബാങ്ക് മോറട്ടോറിയം അനുവദിച്ചത്.

ഇക്കാലയളവിൽ വായ്‌പ തിരിച്ചടയ്ക്കേണ്ടെങ്കിലും പലിശ ഈടാക്കുമെന്ന് ബാങ്കുകൾ പറഞ്ഞിരുന്നു. ഇതിനെതിരെയുള്ള ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ്, പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്രം അറിയിച്ചത്.

പിഴപ്പലിശ ഒഴിവാക്കുമ്പോൾ ബാങ്കുകൾക്ക് 5,000 -7,000 കോടി രൂപയുടെ ബാദ്ധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. മോറട്ടോറിയം നേടിയ എല്ലാ വായ്‌പകളുടെയും പിഴപ്പലിശ ഒഴിവാക്കിയാൽ ബാദ്ധ്യത 15,000 കോടി രൂപവരെ ആകും.

മോറട്ടോറിയം കാലയളവിലെ എല്ലാ വായ്‌പകളുടെയും പലിശ പൂർണമായി എഴുതിത്തള്ളിയാൽ ബാങ്കുകൾക്ക് ആറു ലക്ഷം കോടി രൂപയുടെ ബാദ്ധ്യത ഉണ്ടാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബാങ്കുകളുടെ പ്രവർത്തനത്തെ തന്നെ ഇതു ബാധിക്കുമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കി. നാളെയാണ് കേസിൽ അടുത്ത വാദം.

കൊവിഡ് കാലത്ത് നിഷ്‌ക്രിയ ആസ്‌‌തി (എൻ.പി.എ) വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ബാങ്കുകൾക്ക് 20,000 കോടി രൂപയുടെ മൂലധന സഹായം നൽകാൻ കഴിഞ്ഞമാസം സർക്കാരിന് പാർലമെന്റിന്റെ അനുമതി ലഭിച്ചിരുന്നു. മോറട്ടോറിയം പിഴപ്പലിശ ഒഴിവാക്കുമ്പോൾ ബാങ്കുകൾ നേരിടുന്ന ബാദ്ധ്യതയും സർക്കാർ വഹിക്കും. ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തിയാകും ഇത്.

നേട്ടം ഇവർക്ക്

 സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭ വായ്‌പ (എം.എസ്.എം.ഇ), വിദ്യാഭ്യാസ വായ്‌പ, ഭവന വായ്‌പ, വാഹന വായ്‌പ, ക്രെഡിറ്റ് കാർഡ് കുടിശിക, ഉപഭോക്തൃ വായ്‌പ, പ്രൊഫഷണലുകൾക്കുള്ള വ്യക്തിഗത വായ്‌പ എന്നിവ എടുത്തവർക്ക് കേന്ദ്ര തീരുമാനം ആശ്വാസമാകും.

 മോറട്ടോറിയം നേടിയ വായ്‌പാ അക്കൗണ്ടുകൾ നിഷ്‌ക്രിയ ആസ്‌തിയായി (എൻ.പി.എ) പ്രഖ്യാപിക്കില്ല. ഉപഭോക്താക്കളുടെ ക്രെഡിറ്റ് റേറ്റിംഗിനും പ്രശ്‌നമുണ്ടാകില്ല

ആറു കോടി പേർക്ക് ആശ്വാസം

പിഴപ്പലിശ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കൊവിഡിൽ വായ്‌പ തിരിച്ചടയ്ക്കാനാവാതെ പ്രതിസന്ധിയിലായ ആറു കോടി പേർക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ബാങ്കുകളും എൻ.ബി.എഫ്.സികളും വിതരണം ചെയ്ത മൊത്തം വായ്പകളുടെ 30-40 ശതമാനത്തോളം ഈ ആനുകൂല്യത്തിന് അർഹമാണ്.