
കാലിഫോർണിയ: കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി തീം പാർക്ക്. അമേരിക്കയിലെ ഫ്ളോറിഡ, കാലിഫോർണിയ എന്നിവിടങ്ങളിലെ പാർക്കിലുള്ള 28000ത്തോളം ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ഡിസ്നി തന്നെയാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്. ഇതിൽ പകുതിയിലേറെയും പാർട് ടൈം ജീവനക്കാരാണ്.
'ഹൃദയം തകർക്കുന്ന നടപടിയാണിത്. എങ്കിലും ഇതല്ലാതെ നിലവിലെ സാഹചര്യത്തിൽ മറ്റൊരു പോംവഴിയും ഞങ്ങൾക്കു മുന്നിലില്ല. കൊവിഡ് എത്ര കാലം നീണ്ടുനിൽക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് ഇത്രയും കടുത്ത നിലപാടിലേക്ക് പോകേണ്ടി വന്നത് " - ജീവനക്കാർക്കയച്ച കത്തിൽ ഡിസ്നി പാർക്ക് യൂണിറ്റ് ചെയർമാൻ ജോഷ് ഡിമോരോ കുറിച്ചു. കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസ്നിയുടെ പാർക്കുകൾ അടഞ്ഞു കിടക്കുകയാണ്. അടുത്തിടെ ചില പാർക്കുകൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും കർശന നിയന്ത്രണങ്ങൾ വിലങ്ങുതടിയാവുകയാണ്.
ഈ വർഷം തുടക്കത്തിൽ 4.72 ബില്യൺ ഡോളർ ( 3,46,08,26,72,000 ഇന്ത്യൻ രൂപ) നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ കമ്പനി നേരിട്ട ഏറ്റവും വലിയ നഷ്ടമായിരുന്നു ഇത്. ഒപ്പം ഡിസ്നിക്കു കീഴിലെ പല സിനിമാ പ്രോജക്ടുകളും പാതിവഴിയിലാണ്.