
പാരീസ് : ഏറ്റവും കൂടുതൽ തവണ ഫ്രഞ്ച് ഓാപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം നേടിയിട്ടുള്ള സ്പാനിഷ് താരം റാഫേൽ നദാൽ ഇത്തവണ പ്രീക്വാർട്ടറിലേക്കെത്തി. മൂന്നാം റൗണ്ടിൽ ഇറ്റാലിയൻ താരം സ്റ്റെഫാനോ ട്രവാഗ്ളിയയെ 6-1,6-4,6-0 എന്ന സ്കോറിനാണ് നദാൽ കീഴടക്കിയത്. 20-ാം ഗ്രാൻസ്ളാം കിരീടമെന്ന ഫെഡററുടെ റെക്കാഡിന് ഒപ്പമെത്താൻ ലക്ഷ്യമിടുന്ന നദാൽ പ്രീക്വാർട്ടറിൽ അമേരിക്കയുടെ സെബാസ്റ്റ്യൻ കോർദയെ നേരിടും.
മൂന്നാം സീഡ് പുരുഷതാരവും യു.എസ് ഓപ്പൺ ജേതാവുമായ ഡൊമിനിക്ക് തീമും പ്രീക്വാർട്ടറിലെത്തി. മൂന്നാം റൗണ്ടിൽ നോർവേയുടെ കാസ്പെർ റൂഡിനെ 6-4,6-3,6-1 എന്ന സ്കോറിനാണ് തീം കീഴടക്കിയത്. വനിതാ വിഭാഗത്തിൽ ടോപ് സീഡ് സിമോണ ഹാലെപ്പ് മൂന്നാം റൗണ്ടിൽ അനിസിമോവയെ 6-0,6-1ന് തോൽപ്പിച്ച് പ്രീക്വാട്ടറിലെത്തി. 16-ാം സീഡ് സ്വിസ് താരം സ്റ്റാൻസിലാസ വാവ്‌രിങ്ക മൂന്നാം റൗണ്ടിൽ ഗാസ്റ്റണിനോട് അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ തോറ്റ് പുറത്തായി.