
ദക്ഷിണാഫ്രിക്ക: കൊവിഡ് മഹാമാരി മൂലം ഏറ്റവും ദുഃഖത്തിലായിരിക്കുന്നത് സഞ്ചാരികളാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം യാത്രകളെല്ലാം മുടങ്ങി. യാത്ര പോകാൻ സാധിച്ചില്ലെങ്കിലും യാത്രയുടെ അന്തരീക്ഷം വീട്ടിനുള്ളിൽ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് ഒരു ട്രാവൽ ബ്ലോഗർ.
ദൈനംദിനം ഉപയോഗിക്കുന്ന ഗാർഹിക ഉപകരണങ്ങളുടെ സഹായത്താലാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ സ്വദേശി ഷാരോൺ വോ സാങ്കൽപിക യാത്ര നടത്തിയിരിക്കുന്നത്. വീട്ടിലെ ഉപകരണങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ച സാങ്കൽപ്പിക യാത്രാ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മുൻവർഷങ്ങളിലെ യാത്രയുടെ അതേ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇവർ ശ്രമിച്ചിരിക്കുന്നത്. തനിക്ക് വീണ്ടും യാത്ര ചെയ്യാൻ സാധിക്കുന്ന സമയം വരെ ഇത്തരം ഫോട്ടോകൾ പുനഃസൃഷ്ടിക്കാൻ ശ്രമിക്കുമെന്നും അവർ ഇൻസ്റ്റയിൽ കുറിച്ചിട്ടുണ്ട് . മനോഹരമായ മലനിരകളെയും തടാകത്തെയും അഭിമുഖീകരിക്കുന്ന 2019 ലെ ചിത്രത്തെ 2020ൽ പുന:സൃഷ്ടിച്ചിരിക്കുന്നത് മതിലിന് അഭിമുഖമായി നിന്ന്, കൈകൾ വിജയചിഹ്നത്തിൽ ഉയർത്തിപ്പിടിച്ചു കൊണ്ടാണ്.
സർഫിംഗ് ചെയ്യുന്ന പഴയ ചിത്രത്തിന് പകരം അയൺ ബോർഡ് ഉപയോഗിച്ച് ചിത്രം പുനഃസൃഷ്ടിച്ചു. കൂടാതെ പിസാ ഗോപുരവും താജ്മഹലും സന്ദർശിക്കുന്ന ചിത്രങ്ങളും ഇതേ രീതിയിൽ തന്നെ വോ പുനഃസൃഷ്ടിച്ചിട്ടുണ്ട്.
സഞ്ചാരപ്രിയയായ വോ ഇതിനോടകം 57 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.