rafale-aircraft

ന്യൂഡൽഹി: ഒക്ടോബർ എട്ടിന് നടക്കുന്ന ഇന്ത്യൻ വ്യോമസേനാ ദിന പരേഡിന്റെ ഭാഗമാകാൻ റാഫേൽ വിമാനവും. ഇതാദ്യമാണ് വ്യോമസേനാ ദിന പരേഡിൽ റാഫേൽ വിമാനം പങ്കെടുക്കുന്നത്. ട്വിൻ എൻജിൻ ഓമ്നിറോൾ, എയർ സുപ്രീമസി, ഇന്റർഡിക്‌ഷൻ, ഏരിയൽ റീക്കോണസാൻസ്, ഇൻ ഡെപ്ത് സ്‌ട്രൈക്ക്, തുടങ്ങിയ സവിശേഷതകളുള്ള 4.5 തലമുറയിലെ, ന്യൂക്ലിയർ ഡിറ്ററൻസ് ഫൈറ്റർ എയർക്രാഫ്റ്റ് ശ്രേണിയിൽപ്പെട്ട റാഫേൽ വിമാനമാണ് പരേഡിന്റെ ഭാഗമാകുന്നതെന്ന് വ്യോമസേനാ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

നിലവിൽ, ചൈനയുമായി സംഘർഷം നിലനിൽക്കുന്ന ലഡാക്ക് അതിർത്തിയിലാണ് വ്യോമസേനാ റാഫേൽ വിമാനങ്ങളെ ഉപയോഗപ്പെടുത്തുന്നത്. സകല സന്നാഹങ്ങളോടും കൂടി ഏതുതരം ദൗത്യത്തിനും തയ്യാറായി അഞ്ച് റാഫേൽ വിമാനങ്ങളാണ് ലഡാക്ക് അതിർത്തിയിൽ തയ്യാറായി നിൽക്കുന്നത്.

ജൂലായ് 29ന് തന്നെ റാഫേൽ വിമാനങ്ങൾ ഹരിയാനയിലെ അമ്പാല വ്യോമ താവളത്തിൽ എത്തിയിരുന്നുവെങ്കിലും സെപ്തംബർ 10നാണ് വിമാനങ്ങൾ വ്യോമസേന ഔദ്യോഗികമായി ഏറ്റെടുത്തത്. വിമാനങ്ങൾ ദൗത്യങ്ങൾ നടത്തുന്നതിനായി തയ്യാറാണെന്ന് അന്നുതന്നെ ഐ.എ.എഫ് മേധാവി ആർ.കെ.എസ് ബദൗരിയ വ്യക്തമാക്കിയിരുന്നു. നിലവിൽ 'ഗോൾഡൻ ആരോ' എന്നറിയപ്പെടുന്ന വ്യോമസേനയുടെ 'നമ്പർ 17' സ്‌ക്വാഡ്രണിന്റെ ഭാഗമാണ് റാഫേൽ വിമാനങ്ങൾ. 2016 സെപ്തംബറിലാണ് 59,000 കോടി രൂപ ചിലവിൽ, 36 റാഫേൽ ജെറ്റുകൾക്കായി ഇന്ത്യ ഫ്രാൻസുമായി കരാറിലേർപ്പെടുന്നത്.