
അബുദാബി: ഐ.പി.എല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ തുടക്കത്തിൽ തകർച്ച നേരിട്ട രാജസ്ഥാൻ റോയൽസ് ബാംഗ്ലൂരിനെതിരെ ആറവിക്കറ്റ് നഷ്ടത്തൽ 154 റൺസ് നേടി. ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 39 പന്ത് നേരിട്ട് മൂന്നു സിക്‌സും ഒരു ഫോറുമടക്കം 47 റൺസെടുത്ത മഹിപാൽ ലോംറോറാണ് രാജസ്ഥാന്റെ രക്ഷകനായത്. മഹിപാലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് ബാംഗ്ലൂരിനായി തിളങ്ങിയത്.
നാല് ഓവറിനിടെ ഓപ്പണർമാർ രണ്ടു പേരെയും നഷ്ടമായ രാജസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. തുടർച്ചയായ രണ്ടാംമത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി.
മൂന്നാം ഓവറിൽ ക്യാ്ര്രപൻ സ്റ്റീവ് സ്മിത്തിനെ (5) ഇസുരു ഉദാന മടക്കി. പിന്നാലെ 12 പന്തിൽ ഒരു സിക്‌സും മൂന്നു ഫോറുമടക്കം തകർത്തടിച്ച് 22 റൺസെടുത്ത ജോസ് ബട്ട്‌ലർ നവ്ദീപ് സെയ്‌നിയുടെ ആദ്യ പന്തിൽ തന്നെ പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ സഞ്ജു സാംസണെ (4) യൂസ്‌വേന്ദ്ര ചാഹൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സംശയാസ്പദമായിരുന്നു ചാഹലിന്റെ ക്യാച്ച്. റീപ്ലേകളിൽ പന്ത് നിലത്ത് മുട്ടിയെന്ന് സംശയമുയർന്നിട്ടും തേർഡ് അമ്പയർ ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു.
22 പന്തിൽ 17 റൺസെടുത്ത റോബിൻ ഉത്തപ്പയ്ക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല. റിയാൻ പരാഗ് (16) ആണ് പുറത്തായ മറ്റൊരു താരം. രാഹുൽ തെവാതിയ 12 പന്തിൽ 24 റൺസോടെ പുറത്താകാതെ നിന്നു. ജോഫ്ര ആർച്ചർ 10 പന്തിൽ നിന്ന് 16 റൺസെടുത്തു.