open-uni

കൊല്ലം: ശ്രീനാരായണ ഗുരു

ജീവിത്തിലുടനീളം ഉദ്‌ബോധിപ്പിച്ചത് അറിവ് സമ്പാദിക്കാനാണെന്നും പള്ളിക്കൂടം കമ്പോളമാക്കുന്നത് തിരുത്തിയത് ഈ സർക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ആസ്ഥാനമായി സ്ഥാപിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നാടിന് സമർപ്പിച്ച് ഓൺലൈനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇനിയുള്ള കാലം ഗുരു പറഞ്ഞ അടിസ്ഥാനതലങ്ങളെ സ്പർശിക്കാതെ ഒരു വിദ്യാഭ്യാസ പദ്ധതിക്കും വിജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിൽ കാലാനുസൃതമായ മാറ്റം വേണം. അതിനായാണ് ഗുരുവിന്റെ പേരിലുള്ള സർവകലാശാല. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കേന്ദ്രസ്ഥാനത്ത് സർവകലാശാല സ്ഥാപിക്കുന്നത് വലിയ കാര്യമാണ്. ചട്ടമ്പിസ്വാമിയെ ഗുരു അവസാനമായി കണ്ടത് കൊല്ലത്താണ്. സി. കേശവന്റെയും ആർ. ശങ്കറിന്റെയും പത്രാധിപർ കെ. സുകുമാരന്റെയുമൊക്കെ ഓർമ്മകൾ ഉണർത്തുന്ന നാടാണ് കൊല്ലം. ഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാർഷികത്തിലാണ് പ്രതിമ സ്ഥാപിച്ചതും പിന്നാലെ ഓപ്പൺ യൂണിവേഴ്‌സിറ്റി തുറക്കുന്നതും. ഇത് വളരെ സന്തോഷമുള്ള കാര്യമാണ്. ഗുരുവിന്റെ പേരിൽ മഹാസർവകലാശാല കൊല്ലത്ത് സ്ഥാപിക്കുമ്പോൾ ചെയ്യേണ്ടത് ചെയ്യുകയാണ് നമ്മൾ. ഉപരിപഠനം ആഗ്രഹിക്കുന്ന ആർക്കും ഇവിടെ പഠിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിഅമ്മ, കെ. രാജു എന്നിവർ മുഖ്യാതിഥികളായി. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ. സോമപ്രസാദ്, എം.എം. ആരിഫ്, എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, പി. ഐഷാപോറ്റി, മുല്ലക്കര രത്നാകരൻ, ജി.എസ്. ജയലാൽ, എം. നൗഷാദ്, ആർ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് റിപ്പോർട്ട് അവതരിപ്പിച്ചു. എം. മുകേഷ് എം.എൽ.എ സ്വാഗതവും ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.