shaurya-missile

ഒഡീഷ: ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ പുതിയ ആണവ വാഹിനി മിസൈല്‍ ആയ മിഷന്‍ ശൗര്യ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ്യന്‍ തീരത്തു നിന്നുമാണ് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയിരിക്കുന്നത്. 800 കിലോമീറ്റര്‍ അകലെയുള്ള സ്ഥലം ലക്ഷ്യമിടുവാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതേഗണത്തില്‍ പെടുന്ന നിലവിലുള്ള മിസൈലിനേക്കാള്‍ ലളിതവും ഭാരം കുറഞ്ഞതുമാണ് പുതിയവ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.


ഹൈപ്പര്‍സോണിക്ക് മിസൈല്‍

ലക്ഷ്യത്തോട് അടുക്കും തോറും ഹൈപ്പര്‍സോണിക്ക് വേഗതയില്‍ പായുന്ന ഈ മിസൈല്‍ ഇന്ത്യയിലെ പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്തത്. അതിന് പുറമെ, ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് പോകുന്ന ബാലിസ്റ്റിക് മിസൈലാണ് ശൗര്യ. നൂതന നാവിഗേഷന്‍ സംവിധാനങ്ങള്‍, പ്രൊപ്പല്‍ഷന്‍ സിസ്റ്റം, നിയന്ത്രണ സാങ്കേതികവിദ്യകള്‍ എന്നിവയുള്ള വിഭാഗത്തിലെ മികച്ച 10 മിസൈലുകളില്‍ ഒന്നാണിത്.


ശൗര്യയുടെ പ്രത്യേകതകള്‍

10 മീറ്റര്‍ നീളവും 0.74 മീറ്റര്‍ വ്യാസവുമുള്ള 6.2 ടി കാനിസ്റ്റര്‍ മിസൈലാണ് ശൗര്യ. 700 മുതല്‍ 1 900 കിലോമീറ്റര്‍ വരെ ഇന്റര്‍മീഡിയറ്റ് പ്രവര്‍ത്തന ശ്രേണിയും 180 മുതല്‍ 1 000 കിലോഗ്രാം വരെ പേലോഡും ഉണ്ട്. അതിന് പുറമെ, 17 കെ.ടി. ന്യൂക്ലിയര്‍ വാര്‍ഹെഡ് വഹിക്കാന്‍ കഴിയും.


അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കും

കരയില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും മിസൈല്‍ പ്രയോഗിക്കാന്‍ കഴിയും. അതിന് പുറമെ ഈ മിസൈലിനെ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല എന്നൊരു പ്രത്യേകതയും ഉണ്ട്. വിക്ഷേപിക്കുന്നതുവരെ ശത്രുക്കള്‍ക്ക് ഇതിന്റെ സ്ഥാനം കണ്ടെത്താന്‍ സാധിക്കില്ല. സാറ്റലൈറ്റ് ഇമേജിംഗ് ഉപയോഗിച്ചും ഇത് കണ്ടെത്താന്‍ കഴിയില്ല.


നേരത്തെ മുങ്ങിക്കപ്പലില്‍ നിന്ന് വിക്ഷേപിക്കാവുന്ന കെ 15 എന്നൊരു മിസൈല്‍ ഇന്ത്യ നിര്‍മ്മിച്ചിരുന്നു. അതിന്റെ കരയില്‍ നിന്നു വിക്ഷേപിക്കാവുന്ന ഒരു വേരിയന്റാണ് ശൗര്യ. ആദ്യ പരിശോധന നടത്തിയത് 2004ലാണ്. നിലവിലത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ തന്ത്രപ്രധാനമായ ആവശ്യങ്ങള്‍ക്ക് വരെ ഇത് ഉപകരിക്കും. കാനിസ്റ്റര്‍ ലോഞ്ച് സംവിധാനമുള്ളതു കൊണ്ട് മോശം കാലാവസ്ഥയിലും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കും. വൈകാതെ തന്നെ 500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഡിആര്‍ഡിഒ.