ചെൽസി 4-0ത്തിന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ രാത്രി നടന്ന മത്സരത്തിൽ മുൻനിരക്കാരായ ചെൽസി മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ചെൽസി നാലുഗോളുകളും നേടിയത്. ഇതിൽ രണ്ടെണ്ണം പെനാൽറ്റിയിലൂടെയായിരുന്നു. ജോർജീഞ്ഞോ രണ്ട് ഗോളുകൾ നേടിയപ്പോൾ ബെൻ ചിൽവെല്ലും കുർട്ട് സോമയും ഓരോ ഗോൾ വീതം നേടി.
50-ാം മിനിട്ടിൽ ബെൻ ചിൽവെല്ലിലൂടെയാണ് ചെൽസി സ്കോറിംഗ് തുടങ്ങിയത്. തന്റെ നൂറാം പ്രിമിയർ ലീഗ് മത്സരത്തിനും ചെൽസിക്കുപ്പായത്തിലെ അരങ്ങേറ്റത്തിനുമിറങ്ങിയ ചിൽവെൽ ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 66-ാം മിനിട്ടിൽ കുർട്ട് സോമയാണ് രണ്ടാം ഗോളടിച്ചത്.78,82 മിനിട്ടുകളിൽ ലഭിച്ച പെനാൽറ്റികളാണ് ജോർജീഞ്ഞോ ഗോളാക്കി മാറ്റിയത്.