up-police

ന്യൂഡൽഹി: ഉത്തർ പ്രദേശ് ഡൽഹി അതിർത്തിയിലെ വൻ പൊലീസ് സാന്നിദ്ധ്യത്തെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. ചൈന, ടിബറ്റ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ പങ്കിടുന്ന അതിർത്തികളിലെ സൈനിക സാന്നിദ്ധ്യത്തോടാണ് തരൂർ യു.പിയിലെ ഈ സാഹചര്യത്തെ ഉപമിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യത്തിന് തടയിടുന്നത് ഭരണഘടനാ വിരുദ്ധമല്ലേ എന്നും എം.പി തന്റെ ട്വീറ്റ് വഴി ചോദിക്കുന്നുണ്ട്.

Is this UP’s border with Tibet, China? No it’s UP’s border with Delhi! Violating citizens’ freedom of movement is surely against the Constitution of India, right? #JusticeForIndiasDaughters pic.twitter.com/oL5nPYgnLT

— Shashi Tharoor (@ShashiTharoor) October 3, 2020

ട്വീറ്റിനൊപ്പം യു.പിയിലെ വനിതാ പൊലീസ് സംസ്ഥാന അതിർത്തിയിൽ അണിനിരന്നിരിക്കുന്നതിന്റെ ചിത്രവും തരൂർ പങ്കുവച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം നടന്ന ഹത്രാസിലേക്ക് താൻ വരുന്നുണ്ടെന്ന് തരൂർ മുൻപ് അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഹത്രാസിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്.

നാക്ക് മുറിച്ച് മാറ്റിയ നിലയിൽ ഗുതരാവസ്ഥയിലായിരുന്ന പെൺകുട്ടി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയർന്ന് വന്നത്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയത് യു.പി പൊലീസ് തടഞ്ഞതും കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായി. ശേഷം ഇന്ന് കോൺഗ്രസ് നേതാക്കളോടൊപ്പം ഇരുവരും വീണ്ടും ഹത്രാസിലേക്ക് തിരിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധികൾക്കൊപ്പം രാഹുലും പ്രിയങ്കയും ഹത്രാസ് ജില്ലയിലെ ഭൂൽഗന്ധി ഗ്രാമത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.