
ന്യൂഡൽഹി: പുതിയ കാർഷിക-തൊഴിൽ പരിഷ്കരണ നിയമങ്ങൾ കർഷകർക്കും തൊഴിലാളികൾക്കും വളരെയധികം ഗുണം ചെയ്യുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്‌വാർ. പി.എച്ച്.ഡി.ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ദേശീയ സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2009-10-ൽ, 12,000 കോടി രൂപ ആയിരുന്ന കാർഷിക മന്ത്രാലയത്തിന്റെ ബഡ്ജറ്റ് വിഹിതം ഇപ്പോൾ 11 മടങ്ങ് വർദ്ധിപ്പിച്ച് 1.34 ലക്ഷം കോടിയായി ഉയർന്നു. കർഷകർക്ക് രാജ്യത്ത് എവിടെയും തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വിപണന സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്നതാണ് പുതിയ കാർഷിക നിയമം. ഇന്ത്യയെ 5 ട്രില്യൻ ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന മുന്നേറ്റത്തിന് സർക്കാരിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം വ്യവസായ പ്രമുഖരോട് അഭ്യർത്ഥിച്ചു.