
പാറ്റ്‌ന:ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ ഇളയ പുത്രനും യുവ നേതാവുമായ തേജസ്വി യാദവിനെ പ്രഖ്യാപിച്ചു.
ആർ.ജെ.ഡിക്കൊപ്പം കോൺഗ്രസ്, സി.പി.ഐ.എം.എൽ, സി.പി.ഐ, സി.പി.എം എന്നിവരും ചേരുന്ന മഹാസഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായതായി തേജസ്വി യാദവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആർ.ജെ.ഡി 144 സീറ്റിലും കോൺഗ്രസ് 70 സീറ്റിലും സി.പി.എം 4 സീറ്റിലും സി.പി.ഐ 7 സീറ്റിലും സി.പി.ഐ.എം.എൽ 19 സീറ്റിലും മത്സരിക്കും. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്.
സഖ്യകക്ഷികളായ വികാസ് ശീൽ ഇൻസാൻ പാർട്ടിക്കും ജെ.എം.എമ്മിനും തങ്ങളുടെ 144 സീറ്റുകളിൽ നിന്ന് നൽകുമെന്ന് തേജസ്വി യാദവ് അറിയിച്ചു. എന്നാൽ സീറ്റ് വിഭജനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വികാസ് ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സഹാനി സംയുക്ത പത്രസമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയത് കല്ലുകടിയായി. നവംബർ ഏഴിന് നടക്കുന്ന വാൽമീകി നഗർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും.
എന്നാൽ, ഭരണസഖ്യത്തിൽ സീറ്റു വിഭജനത്തെ ചൊല്ലി ഭിന്നതകൾ തുടരുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഭിന്നതയിലാണ് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ എൽ.ജെ.പി. അവർ ജെ.ഡിയു മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിറുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കുറി ഒറ്റയ്ക്കാണ് എൽ.ജെ.പി മത്സരിക്കുക. എന്നാൽ, ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
മായാവതിയുടെ ബി.എസ്.പി സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് ഭാരത് ബിന്ദ് ആർ.ജെ.ഡിയിൽ ചേർന്നത് ഉപേന്ദ്ര കുശ്‌വാഹയുടെ ത്രികക്ഷി സഖ്യത്തിനു ചേവലിയ അടിയായി. തേജസ്വിയാദവ് നേരിട്ടാണ് ഭാരത് ബിന്ദിന് മെമ്പർഷിപ്പ് നൽകിയത്.
ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തീയതികളിലായാണ് ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം നവംബർ 10ന്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന 71 സീറ്റുകളിൽ പത്രികാ സമർപ്പണം ആരംഭിച്ചിട്ടുണ്ട്.