lion

നെയ്റോബി : കൂട്ടിനുള്ളിലെ സിംഹത്തെ ഓമനിക്കാൻ ചെന്ന മൃഗശാല ജീവനക്കാരന്റെ കൈ കടിച്ചെടുക്കാൻ ശ്രമിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. സെനഗലിലെ പാർക്ക് ഹാൻ മൃഗശാലയിലാണ് സംഭവം. കൂട്ടിലായിരുന്ന സിംഹത്തെ സന്ദർശകരുടെ മുന്നിൽ വച്ച് താലോലിക്കുന്നതിനിടെ ജീവനക്കാരന്റെ കൈ കൂടിനുള്ളിൽ കുടുങ്ങുകയും പ്രകോപിതനായ സിംഹം അയാളുടെ കൈ കടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. സിംഹത്തിന്റെ വായിലകപ്പെട്ട തന്റെ കൈ പുറത്തെടുക്കാനായി ജീവനക്കാരൻ അലറിക്കരയുന്ന ദൃശ്യങ്ങൾ കാണികളായി നിന്നവരാണ് പകർത്തിയത്.

ചുറ്റും കൂടി നിന്നവർ സിംഹത്തിൽ നിന്നും ജീവനക്കാരനെ രക്ഷിക്കാനായി കൂട്ടിലേക്ക് കല്ലുകളും മറ്റും എറിയുകയും ചെയ്തു. സിംഹത്തിന്റെ വായ്ക്കുള്ളിൽ കൈകുടുങ്ങി വേദനകൊണ്ട് പുളയുന്നതിനിടെ ജീവനക്കാരൻ തന്റെ ഇടത്തേ കൈകൊണ്ട് സിംഹത്തിന്റെ തലയിൽ ഇടിക്കുന്നതുമുണ്ട്. ഒടുവിൽ സിംഹത്തിന്റെ വായിൽ നിന്നും കൈ പുറത്തെടുക്കുകയായിരുന്നു. ഭാഗ്യത്തിന് ജീവനക്കാരന്റെ കൈ അറ്റുപോയില്ലെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു.