ipl

അബുദാബി: ഐ.പി.എല്ലില്‍ ദേവ്ദത്ത് പടിക്കലിന്റെയും ക്യാപ്ടൻ വിരാട് കോഹ്ലിയുടെയും മികവിൽ രാജസ്ഥാന്‍ റോയല്‍സിനെ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സ് എട്ടു വിക്കറ്റിന് തകര്‍ത്തു. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു.

അര്‍ദ്ധ സെഞ്ചുറി നേടിയ ദേവദത്ത് പടിക്കലും ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ബാംഗ്ലൂരിന്റെ ജയം എളുപ്പമാക്കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 99 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

44 പന്തിൽ ദേവദത്ത് ഒരു സിക്‌സും ആറു ഫോറുമടക്കം 63 റണ്‍സെടുത്ത് പുറത്തായി. കോലി 53 പന്തിൽ രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു. ഐ.പി.എല്‍ 13-ാം സീസണില്‍ കോലിയുടെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. ഡിവില്ലിയേഴ്‌സ് 12 റണ്‍സോടെ പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. 39 പന്ത് നേരിട്ട് മൂന്നു സിക്‌സും ഒരു ഫോറുമടക്കം 47 റണ്‍സെടുത്ത മഹിപാല്‍ ലോംറോറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. മഹിപാലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലാണ് ബാംഗ്ലൂരിനായി തിളങ്ങിയത്.