ipl-banglore-win

ദുബായ് : സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗ് കാണാൻ കാത്തിരുന്നവരെ അത്ഭുതപ്പെടുത്തി ടൂർണമെന്റിലെ മൂന്നാം അർദ്ധസെഞ്ച്വറിയുമായി ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ വിജയത്തിന്റെ പടിക്കലെത്തിച്ച് മലയാളി താരം ദേവ്ദത്ത് പടിക്കൽ.

ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ബൗളർമാരുടെ കൂട്ടായ പരിശ്രമവും ദേവ്ദത്തിന്റെയും (63) നായകൻ വിരാട് കൊഹ‌്ലിയുടെയും (72 നോട്ടൗട്ട്) മികച്ച ചേസിംഗും ചേർന്ന് രാജസ്ഥാൻ റോയൽസിനെതിരെ എട്ട് വിക്കറ്റ് വിജയമാണ് ബാംഗ്ളൂരിന് നൽകിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 154/6 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ ബാംഗ്ളൂർ അഞ്ചു പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹലാണ് മാൻ ഒഫ് ദ മാച്ച്.

ബാംഗ്ളൂരിന്റെ സീസണിലെ നാലുമത്സരങ്ങളിലെ മൂന്നാം വിജയമാണിത്. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച രാജസ്ഥാന്റെ തുടർച്ചയായ രണ്ടാം തോൽവിയും.

ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് മൂന്നാം ഓവറിൽ നായകൻ സ്റ്റീവൻ സ്മിത്തിനെ (5)നഷ്ടമായതോടെയാണ് താളം പിഴച്ചത്. ഇസരു ഉഡാനയുടെ പന്തിൽ സ്മിത്ത് ക്ളീൻ ബൗൾഡാകുകയായിരുന്നു. അടുത്തഒാവറിൽ ബട്ട്‌ലറെ (22) സെയ്നിയുടെ പന്തിൽ സ്ളിപ്പിലെ തകർപ്പൻ ക്യാച്ചിലൂടെ ദേവ്ദത്ത് മടക്കി അയച്ചു. സഞ്ജുവിന്റെ (4) പുറത്താകലാണ് രാജസ്ഥാനെ ഏറെ ഞെട്ടിച്ചത്.സഞ്ജു നൽകിയ റിട്ടേൺ ക്യാച്ച് ചഹലിന്റെ വിരലിൽ നിന്ന് തറയിൽ തട്ടിയിരുന്നോ എന്ന് കടുത്ത സംശയം ഉയർന്നെങ്കിലും മൂന്നാം അമ്പയറും ഔട്ടുവിളിക്കുകയായിരുന്നു.

പിന്നീട് റോബിൻ ഉത്തപ്പ(17),റിയാൻ പരാഗ് (16), ലോംറോർ(47 ) എന്നിവർ പുറത്തായി. അവസാന ഓാവറുകളിൽ തെവാത്തിയയും (12പന്തുകളിൽ മൂന്ന് സിക്സടക്കം 24 റൺസ്)നടത്തിയ പോരാട്ടമാണ് 154ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ബാംഗ്ളൂരിന് ആരോൺ ഫിഞ്ചിനെ (8) തുടക്കത്തിലേ നഷ്ടമായെങ്കിലും ദേവ്ദത്തും കൊഹ്‌ലിയും കാലുറപ്പിച്ചതോടെ ചേസിംഗ് ഈസിയായി. ഇന്ത്യൻ നായകനെ സാക്ഷിനിറുത്തി ഗംഭീരഷോട്ടുകൾ പുറത്തെടുക്കുകയായിരുന്നു ദേവ്ദത്ത്. നേരിട്ട 34-ാമത്തെ പന്തിലാണ് ദേവ് തന്റെ മൂന്നാം അർദ്ധസെഞ്ച്വറിയിലെത്തിയത്.കൊഹ‌്ലിക്കൊപ്പം 99 റൺസ് കൂട്ടിച്ചേർത്തശേഷമാണ് ദേവ് ആർച്ചറുടെ പന്തിൽ ക്ളീൻ ബൗൾഡായത്. 45 പന്തുകൾ നേരിട്ട ദേവ് ആറുഫോറും ഒരു സിക്സുമടിച്ചു. തുടർന്ന് കൊഹ‌്‌ലി അർദ്ധസെഞ്ച്വറിയിലെത്തി. ഡിവില്ലിയേഴ്സിനെ(12*) കൂട്ടുനിറുത്തി വിജയത്തിലെത്തുകയും ചെയ്തു. 53 പന്തുകൾ നേരിട്ട കൊഹ്‌ലി ഏഴുഫോറും രണ്ട് സിക്സുമടിച്ചു.