
ലക്‌നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു. ഹത്രാസ് ജില്ലയിലെ ഭൂൽഗന്ധി ഗ്രാമത്തിലെ വീട്ടിലെത്തിയാണ് ഇരുവരും നാലുപേരുടെ ക്രൂരമായ പീഡനം മൂലം കൊല്ലപ്പെട്ട 20കാരിയുടെ കുടുംബത്തെ കണ്ടത്. കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഹത്രാസിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്.
നാക്ക് മുറിച്ച് മാറ്റിയ നിലയിൽ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയർന്ന് വന്നത്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയത് യു.പി പൊലീസ് തടഞ്ഞതും കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായി. ശേഷം ഇന്ന് കോൺഗ്രസ് നേതാക്കളോടൊപ്പം ഇരുവരും വീണ്ടും ഹത്രാസിലേക്ക് തിരിക്കുകയായിരുന്നു.