
വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വാൾട്ടർ റീഡിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ചെറിയ രോഗലക്ഷണങ്ങളുള്ള ട്രംപിന് നേരിയ തോതിൽ ശ്വസന പ്രശ്നങ്ങളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നടക്കുന്നതിനും മറ്റും ബുദ്ധിമുട്ടില്ല. രോഗം സ്ഥിരീകരിച്ചതോടെ മാസ്കിനെ എതിർത്തിരുന്ന ട്രംപ് മാസ്ക് ധരിക്കാനും ആരംഭിച്ചു. അതേസമയം അടുത്ത ഏതാനും ദിവസങ്ങളിൽ ആശുപത്രിയിലിരുന്ന് ട്രംപ് ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.
ആശുപത്രിയിലേക്ക് മാറുന്ന വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
തന്റെയും ഭാര്യ മെലാനിയയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപ് പറഞ്ഞു. തനിക്ക് മികച്ച പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെ ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ എന്നിവരടക്കം ട്രംപിന് രോഗവിമുക്തി നേർന്നിരുന്നു.
അതേസമയം, ട്രംപിനൊപ്പം പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തിൽ പങ്കെടുത്ത ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡന്റെ പരിശോധന ഫലം നെഗറ്റീവായി.