
മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് വിദഗ്ദ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിലെ അംഗമായ ഡോ. സുധീർ ഗുപ്ത. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂർണമായും ഇല്ലാതായെന്നും സുധീർ പറഞ്ഞതായാണ് റിപ്പോർട്ട്.
സെപ്തംബർ 29 നാണ് എയിംസിലെ ഡോക്ടർമാരുടെ സമിതി വിശദമായ റിപ്പോർട്ട് സി.ബി.ഐയ്ക്ക് സമർപ്പിച്ചത്. ഇതോടൊപ്പം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റു ദുരൂഹതകളില്ലെന്നും റിപ്പോർട്ടിലുണ്ട്.
അതിനിടെ, സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ആവർത്തിച്ചു. ചിത്രങ്ങൾ പരിശോധിച്ച എയിംസിലെ ഡോക്ടർ തന്നോട് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അഭിഭാഷകനായ വികാസ് സിംഗ് പറഞ്ഞു. എന്നാൽ വികാസിന്റെ വാദങ്ങൾ തെറ്റാണെന്നായിരുന്നു ഡോ. ഗുപ്തയുടെ പ്രതികരണം. ചിത്രങ്ങളിൽ ചില അടയാളങ്ങളെ അടിസ്ഥാനമാക്കി കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് ഉറപ്പിക്കാനാവില്ല. ഇതിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും സുധീർ ഗുപ്ത പറഞ്ഞു.
നടന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ട് ലഭിച്ചതോടെ ഇനി ഇക്കാര്യം കേന്ദ്രീകരിച്ചാകും സി.ബി.ഐ. അന്വേഷണം തുടരുകയെന്നാണ് സൂചന.അതേസമയം, കൊലപാതകമാണെന്നതിന് എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ കൊലപാതകക്കുറ്റം അടക്കം ചുമത്തുമെന്നും സി.ബി.ഐ വൃത്തങ്ങൾ പറയുന്നു.
എന്നാൽ കേസ് ഏറ്റെടുത്ത് 57 ദിവസം പിന്നിട്ടിട്ടും ഇത്തരത്തിലുള്ള ഒരു തെളിവുകളും സി.ബി.ഐ.ക്ക് ലഭിച്ചിട്ടില്ലാത്തതിനാൽ ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസി യുക്തിപരമായ നിഗമനത്തിലെത്തുമെന്നും സൂചനയുണ്ട്.