
റാഞ്ചി: കൊവിഡ് മുക്തനായി വീട്ടിൽ തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിവസം ജാർഖണ്ഡ് ന്യൂനപക്ഷ ക്ഷേമമന്ത്രി ഹാജി ഹുസൈൻ അൻസാരി (73) ഹൃദയാഘാതത്താൽ നിര്യാതനായി. സെപ്തംബർ 26ന് കൊവിഡ് ബാധിച്ച മന്ത്രി വെള്ളിയാഴ്ചയാണ് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയത്. താൻ രോഗമുക്തനായ വിവരം ട്വിറ്ററിലൂടെ മന്ത്രി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കടുത്ത പ്രമേഹവും ഹൈപ്പർടെൻഷനും ഉള്ളയാളായിരുന്നു അദ്ദേഹമെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. അടുത്തിടെ അദ്ദേഹത്തിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നതായി കുടുംബാംഗങ്ങളും പറയുന്നു. ജാർഖണ്ഡ് മുക്തി മോർച്ചയെ പ്രതിനിധീകരിച്ച് ദിയോഗറിലെ മേധാപൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ആളാണ് അൻസാരി. ജാർഖണ്ഡിലെ ആദ്യ മുസ്ളിം മന്ത്രിയുമായിരുന്നു അദ്ദേഹം.