hathras

ലക്‌നൗ: ഹത്രാസ് സംഭവം സി.ബി.ഐ അന്വേഷിക്കുമെന്നറിയിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം സംബന്ധിച്ച് യോഗി ഏജൻസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹത്രാസ് ജില്ലയിൽ ക്രൂരമായ പീഡനത്തിനിരയായി 20വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ വിവാദം കനക്കവേയാണ് പുതിയ തീരുമാനം വരുന്നത്. 'നിർഭാഗ്യകരമായ സംഭവത്തിൽ' നിശിതമായ അന്വേഷണം ആവശ്യമാണ് എന്ന് കണ്ടതിനാലാണ് കേസ് സി.ബി.ഐക്ക് കൈമാറാൻ യു.പി സർക്കാർ തീരുമാനിച്ചതെന്നും യോഗി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിന് ഉത്തരവാദികളായവർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകുക എന്നതാണ് സർക്കാരിന്റെ തീരുമാനമെന്നും യോഗി പറയുന്നു. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഹത്രാസിലെത്തി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിച്ച വേളയിലാണ് യു.പി മുഖ്യമന്ത്രി ഇക്കാര്യം അറിയിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 14നാണ് ഹത്രാസിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായത്.

നാക്ക് മുറിച്ച് മാറ്റിയ നിലയിൽ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയർന്ന് വന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയത് യു.പി പൊലീസ് തടഞ്ഞതും കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായിയിരുന്നു. ശേഷം ഇന്ന് കോൺഗ്രസ് നേതാക്കളോടൊപ്പം ഇരുവരും വീണ്ടും ഹത്രാസിലേക്ക് തിരിക്കുകയായിരുന്നു.