
ലക്നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം ആളിക്കത്തുകയാണ്. ഇതിനിടെ പ്രതികളിൽ ഒരാളെ അനുകൂലിച്ച് പ്രസ്താവനയുമായി ഡയറി ചില്ലിംഗ് പ്ലാന്റ് ഉടമ. സംഭവം നടക്കുന്ന സെപ്റ്റംബർ 14ന്, പ്രതികളിൽ ഒരാളായ രാമു ഗ്രാമത്തിലുണ്ടായിരുന്നില്ലെന്നും ക്രൂരത നടക്കുമ്പോൾ രാമു തന്റെ ഉടമസ്ഥതയിലുള്ള ഡയറി ചില്ലിംഗ് പ്ലാന്റിൽ ജോലി ചെയ്യുകയായിരുന്നു എന്നുമാണ് ഇയാൾ പറയുന്നത്. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മൂന്ന് മാസം മുമ്പാണ് ഹത്രാസിന് സമീപമുള്ള ചന്ദ്പായിലുള്ള ഡയറി ചില്ലിംഗ് പ്ലാന്റിൽ ഡബിൾ ഷിഫ്റ്റ് ജോലിയ്ക്ക് രാമു കയറിയത്. ഞാൻ മാത്രമല്ല, ഈ യൂണിറ്റിലുള്ള 25 ഓളം ജീവനക്കാരും ഇവിടെ പാൽ കൊണ്ട് വന്നവരിൽ ചിലരും സെപ്റ്റംബർ 14ന് രാമു ഇവിടെ ജോലി ചെയ്യുന്നത് കണ്ടതാണ്. ' ഉടമ പറയുന്നു. രാവിലെ 8 മുതൽ 11.30 വരെയും വൈകിട്ട് 5 മുതൽ 9.30 വരെയുമായി രണ്ട് ഷിഫ്റ്റുകളിലാണ് രാമു ജോലി ചെയ്യുന്നതെന്ന് ഉടമ പറയുന്നു. സംഭവ ദിവസം രാവിലെ കർഷകർ ഇവിടെയത്തിച്ച പാൽ ശേഖരിക്കുന്ന ദാമുവിനെ താൻ കണ്ടെന്ന് ഉടമ പറയുന്നു.
' രാമു ഇവിടെ ഉണ്ടായിരുന്നു എന്നത് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. സി.സി.ടി.വിയും ഇവിടെയുണ്ട്. എന്നാൽ ആറ് ദിവസം കൂടുമ്പോൾ സിസിടിവിയിലെ ദൃശ്യങ്ങൾ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആകും. രാമുവിന് കേൾവിയ്ക്ക് ചെറിയ തകരാർ ഉണ്ടായിരുന്നു. വളരെ മാന്യമമായ പെരുമാറ്റമായിരുന്നു അയാൾക്ക്. ' ഉടമ പറയുന്നു.
സെപ്റ്റംബർ 29നാണ് ഡൽഹിയിൽ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 19 കാരിയായ പെൺകുട്ടി മരിച്ചത്. സംഭവത്തിൽ രാമുവിനെ കൂടാതെ സന്ദീപ്, ലവ്കുശ്, രവി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.