
ഷാർജ : ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ 18 റൺസിന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ കീഴടക്കി ഡൽഹി ക്യാപിറ്റൽസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡെൽഹി നാലുവിക്കറ്റ് നഷ്ടത്തിൽ 228 റൺസടിച്ചു. ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഡൽഹി ഇന്നലെ ഷാർജ സ്റ്റേഡിയത്തിൽ ഉയർത്തിയത്.മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് 210/8 എന്ന സ്കോറിലേ എത്താനായുള്ളൂ.
നായകൻ ശ്രേയസ് അയ്യർ (38 പന്തുകളിൽ പുറത്താകാതെ 7ഫോറും 6സിക്സുമടക്കം 88 റൺസ്), ഒാപ്പണർ പൃഥ്വി ഷാ (41 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കം 66 റൺസ്) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ശിഖർ ധവാൻ 16 പന്തുകളിൽ 26 റൺസും റിഷഭ് പന്ത് 17 പന്തുകളിൽ 38 റൺസും നേടി.ഈ വിജയത്തോടെ നാലുകളികളിൽ നിന്ന് ആറുപോയിന്റുമായി ഡൽഹി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ധവാനും ഷായും ചേർന്ന് ഒന്നാം വിക്കറ്റിൽ 5.5 ഒാവറിൽ 56 റൺസാണ്കൂട്ടിച്ചേർത്തത്. ധവാൻ മടങ്ങിയ ശേഷം ശ്രേയസും ഷായും കൊൽക്കത്തയ്ക്ക് മേൽ കത്തിപ്പടരുകയായിരുന്നു. 73 റൺസ് ക്യാപ്ടനൊപ്പം കൂട്ടിച്ചേർത്തശേഷമാണ് ഷാ മടങ്ങിയത്. റിഷഭ് പന്ത് വന്നതോടെ റൺറേറ്റ് വീണ്ടുമുയർന്നു. 31പന്തുകളിൽ 72 റൺസാണ് ശ്രേയസും റിഷഭും കൂട്ടിച്ചേർത്തത്. റസലാണ് റിഷഭിനെയും സ്റ്റോയ്നിസിനെയും പുറത്താക്കിയത്.
മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് സുനിൽ നരെയ്നെ(3) തുടക്കത്തിലേ നഷ്ടമായെങ്കിലും നിതീഷ് റാണ(58),ശുഭ്മാൻ ഗിൽ (28) എന്നിവർ പ്രതീക്ഷ കൈവിടാതെ പൊരുതി. റസലിനെയും (13) കാർത്തികിനെയും (6) ,കമ്മിൻസിനെയും(5) നഷ്ടമായെങ്കിലും ഏഴാം വിക്കറ്റിൽ മോർഗനും രാഹുൽ ത്രിപാതിയും ഒരുമിച്ച് വീശിയതോടെ കളി ആവേശകരമായി. 18 പന്തുകളിൽ ഒരു ഫോറും അഞ്ച്സിക്സുമടക്കം 44 റൺസ് നേടിയിരുന്ന മോർഗൻ 19-ാം ഒാവറിൽ പുറത്തായതാണ് കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. 16 പന്തുകളിൽ 36 റൺസ് നേടിയിരുന്ന ത്രിപാതി അവസാന ഒാവറിൽബൗൾഡായതോടെ കൊൽക്കത്തയുടെ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങി.
പോയിന്റ് നില
( ടീം ,കളി ,ജയം,തോൽവി,പോയിന്റ് ക്രമത്തിൽ )
ഡൽഹി 4-3-1- 6
ബാംഗ്ളൂർ 4-3-1- 6
മുംബയ് 4-2-2-4
ഹൈദരാബാദ് 4-2-2-4
കൊൽക്കത്ത 4-2-2-4
രാജസ്ഥാൻ 4-2-4- 4
പഞ്ചാബ് 4-1-3-2
ചെന്നൈ 4-1-3-2
ബാറ്റിംഗ് ടോപ് 5
മായാങ്ക് -പഞ്ചാബ് - 246
രാഹുൽ- പഞ്ചാബ് - 239
ഡുപ്ളെസി- ചെന്നൈ - 195
ദേവ്ദത്ത്- ബാംഗ്ളൂർ -176
സഞ്ജു - രാജസ്ഥാൻ -171
ബൗളിംഗ് ടോപ് 5
ചഹൽ-ബാംഗ്ളൂർ -8
ഷമി- പഞ്ചാബ് -8
റബാദ - ഡൽഹി - 8
രാഹുൽ ചഹർ-മുംബയ് -6
കോട്രെൽ- പഞ്ചാബ്-6