
ദുബായ്: ഐ.പി.എല്ലിൽ ഇന്ന് നടന്ന ആദ്യമത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ എട്ടുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു.മത്സരത്തിൽ രാജസ്ഥാൻ റോയൽസിൻറെ മലയാളി താരം സഞ്ജു സാംസൺ പുറത്താക്കാൻ ചാഹൽ എടുത്തക്യാച്ചിനെ ചൊല്ലി വിവാദം പുകയുന്നു. മൂന്നാം ഓവറിൽ സ്റ്റീവ് സ്മിത്ത് പുറത്തായശേഷം ക്രീസിലെത്തിയ സഞ്ജു ആദ്യപന്തിൽതന്നെ ബൗണ്ടറി നേടി മികച്ച രീതിയിലാണ് തുടങ്ങിയത്.
അതോടെ പവർപ്ലേയിൽ തന്നെ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ ബാംഗ്ലൂർ നായകൻ വിരാട് കോലി പന്തേൽപ്പിച്ചു. ചാഹലിൻറെ ആദ്യപന്തിലായിരുന്നു സഞ്ജുവിൻറെ വിവാദ പുറത്താകൽ. സ്വന്തം ബൗളിംഗിൽ പന്ത് പറന്നുപിടിച്ച ഉടനെ ചാഹൽ ക്യാച്ച് അവകാശപ്പെട്ടു. ഔട്ടെന്ന് സിഗ്‌നൽ നൽകിയ ഫീൽഡ് അമ്പയർ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടു.
റീപ്ലേ പരിശോധിച്ച മൂന്നാം അമ്പയറും ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെച്ചു. എന്നാൽ റീപ്ലേയിൽ ക്യാച്ച് പൂർത്തിയാവും മുമ്പെ ചാഹലിൻറെ കൈകളിൽ നിന്ന് പന്ത് നിലത്ത് തട്ടുന്നത് വ്യക്തമാണെന്നണും മൂന്നാം അമ്പയറുടേത് തെറ്റായ തീരുമാനമാണെന്നുമാണ് ആക്ഷേപം. പന്ത് നിലത്ത് തട്ടിയോ എന്ന് ഉറപ്പില്ലാത്തതിനാൽ ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെക്കുകയാണ് മൂന്നാം അമ്പയറായ പശ്ചിം പഥക് ചെയ്തത്. എന്തായാലും മൂന്നാം അമ്പയറുടെ തീരുമാനത്തിനമെതിരെ ആരാധകർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുകയും ചെയ്തു.