
തന്റെ ആരോഗ്യനില മോശമാണെന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തള്ളി നടൻ പ്രഭു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രഭുവിന് കൊവിഡ് പോസിറ്റീവായെന്നും തുടർന്ന് ചെന്നൈയിലെ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെന്നും ചികിത്സയിലാണെന്നും തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. പിതാവ് ശിവാജി ഗണേശന്റെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹങ്ങളുടെ തുടക്കം.
ഒക്ടോബർ 1നായിരുന്നു ശിവാജി ഗണേശന്റെ 92ാം ജന്മവാർഷികം. ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വസതിയിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർ ശെൽവം, മന്ത്രി ജയകുമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കൊണ്ട് അനുസ്മരണ ചടങ്ങ് നടന്നിരുന്നു. എന്നാൽ പ്രഭുവും അദ്ദേഹത്തിന്റെ മകൻ വിക്രം പ്രഭുവും ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇരുവർക്കും കൊവിഡ് ബാധിച്ചതായും ക്വാറന്റൈനിലുമാണെന്നുമുള്ള വാർത്തകൾ പ്രചരിച്ചു.
എന്നാൽ തനിക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്നും ആരോഗ്യവാനായി ഇരിക്കുന്നതുമായി പ്രഭു തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ നനവുള്ള തറയിലൂടെ നടക്കുമ്പോൾ കാൽ വഴുതി കണങ്കാലിനുണ്ടായ പരിക്കാണ് ചടങ്ങിൽ നിന്നും താൻ വിട്ട് നിൽക്കാനുള്ള കാരണമെന്ന് പ്രഭു പറയുന്നു.