
തിരുവനന്തപുരം: കലാഭവൻ മണിയുടെ അനുജൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചതെന്നും പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നതെന്നുമാണ് കെ. സുരേന്ദ്രൻ ആരോപിക്കുന്നത്.
പട്ടിക ജാതി വർഗ അതിക്രമ നിരോധന നിയമ പ്രകാരം ഇവർക്കെതിരെ കേസെടുക്കണമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിരവധി പ്രതിഷേധങ്ങൾ സംഗീത നാടക അക്കാദമിക്ക് മുന്നിൽ നടന്നിട്ടും അവർ കണ്ട ഭാവം നടിച്ചില്ല. സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു. സാംസ്‌കാരിക പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലൻ ഈ സംഭവത്തിൽ നിരുത്തരവാദ നിലപാടാണ് സ്വീകരിച്ചത്. ബി.ജെ.പി അദ്ധ്യക്ഷൻ പറയുന്നു.
കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ..എൽ.വി രാമകൃഷ്ണനെ (42) അമിത അളവിൽ ഉറക്ക ഗുളിക ഉള്ളിൽചെന്ന നിലയിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിൽ ശനിയാഴ്ച രാത്രി ഏഴോടെ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
വിഷം കഴിച്ചതെന്നാണ് കരുതിയിരുന്നെങ്കിലും വിശദ പരിശോധനയിൽ ഉറക്കഗുളികയാണെന്ന് തെളിയുകയായിരുന്നു. പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേരള സംഗീത നാടക അക്കാഡമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണൻ അനുമതി തേടിയിരുന്നു. എന്നാൽ അനുമതി നിഷേധിച്ച അധികൃതർ ഇദ്ദേഹത്തെ അധിക്ഷേപിച്ചെന്നാരോപിച്ചു വിവിധ സംഘടനകളുടെ സമരപരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.