
ദക്ഷിണേന്ത്യയിൽ നിന്ന് തുടങ്ങി കഠിന പരിശ്രമത്താൽ ബോളിവുഡിനെ കൊണ്ട് ' ബ്യൂട്ടി വിത്ത് ബ്രെയ്ൻ. " എന്ന് പറയിപ്പിച്ച നടിയാണ് തപ്സി പന്നു. അഭിനയത്തിന്റെ കാര്യത്തിലായാലും സൗന്ദര്യത്തിന്റെ കാര്യത്തിലായാലും  ഇനി കഥാപാത്രങ്ങൾ തിരഞ്ഞെ ടുക്കന്നതിനായാലും തപ്സി എന്നും ' മിസ് പെർഫെക്ട്"ആണ്. ! നടിയെന്നതിലുപരി അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിലും തപ്സി മിടുക്കിയാണ്. സോഫ്ട് വെയർ എൻജിനിയറുടെ വേഷം അഴിച്ചു മാറ്റിയാണ് ഈ പഞ്ചാബി സുന്ദരി സിനിമയുടെ ലോകത്തേക്ക് പറക്കാൻ തീരുമാനിച്ചത്.തപ്സിയുടെ ജീവിതകഥ.
മോഡലിംഗ്
ആദ്യം മോഡലിംഗായിരുന്നു തപ്സിയുടെ പ്ലാറ്റ്ഫോം. ഇന്ത്യയിലെ ഒട്ടുമിക്ക ജനപ്രിയ ബാൻഡുകളുടെയും പരസ്യത്തിൽ തപ്സി പ്രത്യക്ഷപ്പെട്ടു. പാന്റലൂൺസും കൊക്കകോളയും മുതൽ എയർടെൽ വരെയുള്ള നീണ്ട നിര. ഓഫറുകളുടെ കൂമ്പാരം തന്നെ മുന്നിൽ വന്നിട്ടും ഒടുവിൽ മോഡലിംഗ് ജോലി മതിയാക്കിയാലോ എന്നാലോചിക്കുകയായിരുന്നു. അപ്പോൾ അഭിനയമോഹം തപ്സിയുടെ മനസിൽ അലടയടിച്ചു. പിന്നെ ഒന്നും നോക്കിയില്ല, മോഡിലിംഗിനോട് ഗുഡ്ബൈ പറഞ്ഞ് അഭിനയത്തിലേക്ക് തന്നെ പൂർണമായും ശ്രദ്ധതിരിച്ചു. ദക്ഷിണേന്ത്യൻ സിനിമകളിലെ ചെറിയ വേഷങ്ങളിൽ തുടങ്ങി ബോളിവുഡിലും സ്വീകാര്യത നേടിയ തപ്സി ഒടുവിൽ കരസ്ഥമാക്കിയ സ്ഥാനം ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും ശക്തരായ അഭിനേത്രിമാരുടെ പട്ടികയിലേക്കാണ്.

ചുരുണ്ട മുടിക്കാരി
2010ൽ ' ജുമ്മാണ്ടി നാദം"എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തപ്സി സിനിമയിലേക്ക് വരുന്നത്. പക്ഷേ, ഭൂരിഭാഗം പേർക്കും തപ്സിയുടെ ആദ്യ ചിത്രം എന്ന് പറയുമ്പോൾ ധനുഷിന്റെ ' ആടുകള"മാണ്, മനസിൽ ഓർമ വരിക. 2011ൽ പുറത്തിറങ്ങി ദേശീയ അവാർഡുകൾ കൈപ്പിടിയിലാക്കിയ ആടുകളം തന്നെയാണ് ദക്ഷിണേന്ത്യയിൽ തപ്സിയുടെ കരിയറിലെ ടേണിംഗ് പോയിന്റായത്. സ്പ്രിംഗ് പോലുള്ള ചുരുണ്ട തലമുടിയും നിഷ്കളങ്കമായ ചിരിയും, കണ്ടാൽ പാവം ലുക്കു തോന്നിക്കുന്ന ഐറിൻ എന്ന ആംഗ്ലോ - ഇന്ത്യൻ പെൺ
കുട്ടിയുടെ ആ കഥാപാത്രത്തെ പ്രേക്ഷകർ മറക്കില്ല.
ആ സ്പ്രിംഗ് പോലെയുള്ള മനോഹരമായ ചുരുണ്ട തലമുടിയുണ്ടല്ലോ, അതുതന്നെയായിരുന്നു തപ്സിയുടെ ഹൈലൈറ്റും. തപ്സിയെ വ്യത്യസ്ഥയാക്കിയതും അതു തന്നെ. ഹെവി മേക്കപ്പ് ഒന്നും വേണ്ട, ആ മുടിയും ആ ചിരിയും തന്നെ ധാരാളമായിരുന്നു ആരാധക മനസിൽ തപ്സിയ്ക്ക് ഇടംനേടാൻ. ദക്ഷിണേന്ത്യൻ ഇൻഡസ്ട്രി ഇരുകൈകളും നീട്ടി ആ പഞ്ചാബി പെൺകുട്ടിയെ സ്വീകരിച്ചു. ആടുകളമിറങ്ങിയ അതേ വർഷം തന്നെ നടൻ പ്രഭാസിനൊപ്പം ' മിസ്റ്റർ പെർഫെക്ട്  " ഉൾപ്പെടെ മൂന്ന് തെലുങ്ക് ചിത്രങ്ങളിലും ജീവയ്ക്കൊപ്പം 'വന്താൻ വെൻഡ്രാൻ" എന്ന തമിഴ് ചിത്രത്തിലും തപ്സി അഭിനയിച്ചു.
മലയാളത്തിൽ
ആ വർഷം തന്നെ മമ്മൂട്ടിയ്ക്കും നദിയ മൊയ്തുവിനുമൊപ്പം മലയാളച്ചിത്രമായ 'ഡബിൾസി"ൽ അഭിനയിച്ചെങ്കിലും ചിത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല. തപ്സിയുടെ ഏക മലയാള സിനിമയും അത് തന്നെ. 2015 വരെ തപ്സി തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2015ൽ കാഞ്ചന -2 വിന് ശേഷം ഒരു നീണ്ട ഇടവേള പിന്നിട്ടാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ' ഗെയിം ഓവറി"ലൂടെ തമിഴിലേക്ക് തപ്സി തിരിച്ചെത്തിയത്. ഇതിനിടയിലും ഏതാനും തെലുങ്കു ചിത്രങ്ങളിൽ തപ്സി അഭിനയിച്ചിരുന്നു.

ബോളിവുഡിൽ
2016 മുതൽ ബോളിവുഡിൽ സജീവമായതോടെ തപ്സി ദക്ഷിണേന്ത്യയിലേക്ക് മടങ്ങില്ലേയെന്ന ചോദ്യങ്ങൾ ഉയർന്നെങ്കിലും ബോളിവുഡിലേക്കുള്ള ചവിട്ടുപടിയായി ഒരിക്കലും ദക്ഷിണേന്ത്യൻ ചിത്രങ്ങളെ കണ്ടിട്ടില്ലെന്ന് തപ്സി തുറന്നു പറഞ്ഞിരുന്നു. കുറച്ച് ചിത്രങ്ങൾ മാത്രമാണ് അഭിനയിച്ചതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തപ്സി ദക്ഷിണേന്ത്യയുടെ പ്രിയങ്കരിയാവുകയായിരുന്നു. ബോളിവുഡിനേക്കാൾ അടുപ്പം തപ്സിയ്ക്ക് ദക്ഷിണേന്ത്യയോട് തന്നെയാണ്. ബോളിവുഡിൽ ആദ്യമൊക്കെ തനിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെങ്കിലും തപ്സി വാശിയോടെ അത് നേടിയെടുക്കുകയായിരുന്നു.
റോൾ ബോൾഡ്
2013ൽ ' ചഷ്മെ ബദൂർ " എന്ന കോമഡി ചിത്രത്തിലൂടെയാണ് തപ്സിയുടെ ബോളിവുഡ് അരങ്ങേറ്റം. അടുത്ത ചിത്രം അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രമായെത്തിയ ആക്ഷൻ ത്രില്ലർ ' ബേബി " ആയിരുന്നു. അക്ഷയ് കുമാറിന്റെ ശക്തമായ തിരിച്ചുവരവിൽ ഒന്നായിരുന്ന ബേബി ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടിയിരുന്നു. പിന്നാലെ പിങ്ക്, നാം ഷബാന, ബദ്ല, മുൽക്, സാൻഡ് കി ആങ്ക്, മിഷൻ മംഗൾ, ഥപ്പട് തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ വേഷം അവതരിപ്പിച്ചു.
നായകനെ സൈഡിലേക്ക് മാറ്റി കയ്യടി നേടിയ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഈ ചിത്രങ്ങളിലെല്ലാം തപ്സി അവതരിപ്പിച്ചത്. ബോളിവുഡിൽ വാഴില്ലെന്ന് വിമർശിച്ചവരുടെ വായടപ്പിക്കാൻ തപ്സിയ്ക്ക് ഈ വേഷങ്ങൾ മതിയായിരുന്നു. ഐറ്റം സോംഗുകൾക്ക് പകരം ആക്ഷൻ ഫൈറ്റുകൾ തപ്സി തിരഞ്ഞെടുത്തു. ഗ്ലാമർ വേഷങ്ങളിലെത്തി മുഖം കൊണ്ട് അഭ്യാസങ്ങൾ കാട്ടി പോകുന്ന നെപ്പോട്ടിസം പ്രൊഡക്ടുകളായ നടിമാരെയൊക്കെ നോക്കി നിറുത്തി ബോൾഡ് വേഷങ്ങൾ തിരഞ്ഞെടുത്ത് വെടിപ്പോടെ ചെയ്ത് കാണിച്ചു. തപ്സി തന്നെയാണ് ഇപ്പോൾ ബോളിവുഡിൽ ബോൾഡ് സ്ത്രീ കഥാപാത്രങ്ങൾക്കായി സംവിധായകൻമാരുടെ ഫസ്റ്റ് ചോയിസ്.
ഇതിനിടയിൽ റണ്ണിംഗ് ഷാദി, ജുഡ്വ 2, സൂർമ, മൻമർസിയാൻ തുടങ്ങിയ കോമഡി, റൊമാന്റിക്, ഡ്രാമാ ചിത്രങ്ങളിലും തപ്സി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നല്ല തപ്സി എത്തുന്നത്. ബോളിവുഡിന്റെ ഭാഷയിൽ ഔട്ട്സൈഡർ. പക്ഷേ, സ്വന്തം സ്ഥാനം നേടിയെടുക്കാൻ അഭിനയിക്കാനുള്ള കഴിവിന്റെ അങ്ങേയേറ്റം പ്രയോജനപ്പെടുത്തുന്ന തപ്സി തന്റെ കഥാപാത്രങ്ങളെ പോലെ പറയാനുള്ളത് എവിടെയും വെട്ടിത്തുറന്ന് പറയാൻ ചങ്കൂറ്റമുള്ള നടിയാണ്. അതിനി എന്തൊക്കെ കോളിളക്കങ്ങൾ സൃഷ്ടിച്ചാലും കുഴപ്പമില്ലെന്നാണ് തപ്സിയ്ക്ക്. അതേ സമയം തന്നെ, സ്വയം ഒരു ബുദ്ധിജീവിയാണെന്ന് വരുത്തിതീർക്കാൻ അനാവശ്യ പരാമർശങ്ങൾ നടത്തി ശ്രദ്ധ നേടാൻ ഒരിക്കലും ശ്രമിച്ചിട്ടുമില്ല.

വേഷങ്ങൾ,  ഭാവങ്ങൾ
ബോളിവുഡിൽ, ഓരോ സിനിമകൾ കഴിയും തോറും തപ്സി തന്റെ കഥാപാത്രങ്ങളുടെ വ്യത്യസ്ഥത നിലനിറുത്താൻ ശ്രമിക്കുകയാണ്. വ്യത്യസ്ഥതകളും വെല്ലുവിളികളും നിറഞ്ഞ കഥാപാത്രങ്ങളാണ് പിങ്കിന് ശേഷം തപ്സി തിരഞ്ഞെടുത്തു കൊണ്ടിരിക്കുന്നത്. ഹീറോയില്ലെങ്കിലും ഒരു സിനിമ തരംഗം സൃഷ്ടിക്കുമെന്നതിന്റെ ഉദാഹരണമാണ് തപ്സിയുടെ ചിത്രങ്ങൾ. കരയറിന്റെ തുടക്കത്തിൽ ചില നടന്മാർക്ക് താൻ നായികയായി കുടെ അഭിനയിക്കുന്നതിൽ താത്പര്യമില്ലെന്ന് പറഞ്ഞത് കൊണ്ട് വേഷങ്ങൾ നഷ്ടപ്പെട്ടിരുന്നതായും തപ്സി പറഞ്ഞിട്ടുണ്ട്. അതിനോടുള്ള ഒരു സ്വീറ്റ്  റിവഞ്ച് കൂടിയാണ് തപ്സി ബ്രില്യൻസ്. സാമൂഹ്യ പ്രതിബന്ധതയുള്ള ചിത്രങ്ങളാണ് തപ്സിയുടെ പ്രധാന ലക്ഷ്യം.
പ്രധാന  കഥാപാത്രങ്ങൾ
1 പിങ്ക് - മീനൽ അറോറ
തപ്സിയുടെ കരിയറിലെ ബ്രേക്ത്രൂ. ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനോടൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന സീനുകൾ. പണത്തിന്റെ സ്വാധീനത്തിൽ ഈ സമൂഹത്തിൽ എന്തും സ്വാധിക്കുമെന്ന സത്യവും, സ്ത്രീകൾക്ക് നേരെ സമൂഹത്തിനുള്ള മനോഭാവങ്ങളുമാണ് പിങ്കിന്റെ ഇതിവൃത്തം. ഇവിടെ നീതിയ്ക്കായി പോരാടുന്ന ഒരു പെൺകുട്ടിയാണ് മീനൽ. കോടതി മുറിയിൽ നിസഹായയായി മാറുന്ന മീനലിന്റെ മാനസിക സംഘർഷങ്ങൾ തപ്സി ജീവിച്ചുകാട്ടുകയാണ്.

2  നാം ഷബാന - ഷബാന ഖാൻ
തപ്സി അഭിനയിച്ച ' ബേബി"യുടെ സീക്വലാണ് നാം ഷബാന. ബേബിയിലെ ഷബാന ഖാൻ എന്ന കഥാപാത്രത്തിന്റെ ആദ്യകാലമാണ് ആക്ഷൻ ത്രില്ലറായ ' നാം ഷബാന " യിലൂടെ അവതരിപ്പിക്കുന്നത്. ബോൾഡ് ക്യാരക്ടർ. തപ്സിയുടെ ആക്ഷൻ രംഗങ്ങൾ. ബേബിയിൽ ചെറിയ വേഷമായിരുന്നെങ്കിൽ നാം ഷബാന എന്ന ചിത്രത്തിന്റെ കടിഞ്ഞാൺ തന്നെ തപ്സിയുടെ കൈയിലാണ്. ഷബാന ഖാൻ എന്ന പെൺകുട്ടി ഒരു സീക്രട്ട് ഏജന്റായി മാറിയതിന് പിന്നിലെ കഥയാണ് ഈ ചിത്രം.
3.  മുൽക് - ആർതി മൽഹോത്ര
അഭിഭാഷകയുടെ വേഷത്തിൽ തപ്സിയുടെ ഗംഭീര പ്രകടനം. പിങ്കിൽ ബച്ചനായിരുന്നെങ്കിൽ മുൽകിൽ റിഷി കപൂറിനൊപ്പമായിരുന്നു തപ്സി തന്റെ പ്രതിഭ തെളിയിച്ചത്. തന്റെ കുടുംബത്തിന് മേൽ കരിനിഴലായി വീണ വിവാദങ്ങളെ തുടച്ചുനീക്കാനായി ഇറങ്ങിത്തിരിക്കുന്ന അഭിഭാഷകയാണ് ആർതി. മതം വെറും മിഥ്യയാണെന്നും മനുഷ്യരെല്ലാം ഒന്നാണെന്നുമുള്ള സന്ദേശം ചിത്രം നമുക്ക് നൽകുന്നു.
4. ബദ്ല - നൈന സേഥി
അമിതാഭ് ബച്ചനൊപ്പം വീണ്ടും തകർപ്പൻ അഭിനയവുമായി തപ്സിയുടെ മിസ്റ്ററി ത്രില്ലർ. ' ദ ഇൻവിസിബിൾ ഗസ്റ്റ് ' എന്ന സ്പാനിഷ് ചിത്രത്തിന്റെ അഡാപ്റ്റേഷൻ. അവസാനം വരെ ആകാംക്ഷയോടെ കാണേണ്ട ചിത്രം. പിങ്കിലെ പോലെ അഭിഭാഷകന്റെ വേഷമാണ് ബച്ചന്. കാമുകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ നൈന സേഥിയായിട്ടാണ് തപ്സി അഭിനയിക്കുന്നത്. ശരിക്കും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ നടക്കുന്ന ഉദ്വേഗ ഭരിതമായ സസ്പെൻസുകൾ നിറഞ്ഞ അന്വേഷണവുമാണ് ബദ്ല.

5.  ഗെയിം ഓവർ - സ്വപ്ന
തപ്സിയുടെ മികച്ച കഥാപാത്രങ്ങൾ പറയുമ്പോൾ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സ്വപ്ന. ഗെയിം ഓവർ ഒരേ സമയം തമിഴിലും തെലുങ്കിലും ചിത്രീകരിച്ച ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ആത്മാവ് തന്നെ വീൽചെയറിൽ കഴിയുന്ന, ഗെയിം ഡിസൈനറായ സ്വപ്നയിലാണ്. സ്വപ്നയുടെ ജോലി പോലെ തന്നെ അവളുടെ ജീവിതവും വീഡിയോ ഗെയിമിന്റെ നെഞ്ചിടിപ്പിക്കുന്ന ഓരോ ലെവലുകൾ പോലെയാണ്. ഒടുവിൽ സിനിമ കാണുന്നവരെ തന്നെ ഭയത്തിന്റെ അങ്ങേയറ്റത്തെ ലെവലിൽ എത്തിക്കുന്നു. സ്വപ്നയുടെ ജീവിതം തന്നെ ഒരു ഗെയിമായി മാറുന്നു. ആ ഗെയിമിൽ ജീവനോടെ തുടരാനായി ഇരുട്ടിനെ ഭയക്കുന്ന സ്വപ്നയുടെ പോരാട്ടം ശരിക്കും കാണികളെ ഞെട്ടിക്കും.
6. സാൻഡ് കി ആങ്ക് -പ്രകാശി തോമർ
തപ്സിയും ഭൂമി പഡ്നെഗറും വേറിട്ട അഭിനയവും മേക്കോവറുമായി ബോളിവുഡിനെ ഞെട്ടിച്ച ചിത്രം. സ്വപ്നം കാണാൻ പ്രായം ഒരു പ്രശ്നമേയല്ലന്ന് തെളിയിച്ച വൃദ്ധകളായ രണ്ട് ഷാർപ് ഷൂട്ടർമാരുടെ കഥയാണിത്. ഗ്രാമീണ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഈ രണ്ട് കഥാപാത്രങ്ങളും നമ്മുടെ സമൂഹത്തിലെ സ്ത്രീകൾക്ക് മാതൃകയായി മാറുന്നു. ചന്ദ്റോ തോമർ, പ്രകാശി തോമർ എന്നീ സ്ത്രീകളുടെ യഥാർത്ഥ ജീവിതം ആസ്പദമാക്കിയുള്ളതാണ് ചിത്രം.
7. ഥപ്പട് - അമൃത
തപ്സിയുടെ കരിയറിൽ ഇതുപോലെ കോളിളക്കങ്ങളുണ്ടാക്കിയ ഒരു ചിത്രം മുമ്പ് ഉണ്ടായിട്ടില്ല. തപ്സിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഥപ്പട്. ഭർത്താവും കുടുംബവുമായി വീട്ടമ്മയായി ജീവിക്കുന്ന നായികയായാണ് തപ്സി എത്തുന്നത്. ഭർത്താവ് കൊടുക്കുന്ന ഒരടിയോടു കൂടി അമൃതയെന്ന യുവതിയുടെ ജീവിതത്തിലുണ്ടാകുന്ന വമ്പൻ ട്വിസ്റ്റാണ് ഥപ്പട്." നിങ്ങൾ ജീവിതം പ്രൊഫഷനിലും പ്രൊമോഷനിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ ഞാനെന്റെ ജീവിതം പൂർണ്ണമായി താങ്കളിൽ നിക്ഷേപിച്ചിരിക്കുകയാണ്." ഥപ്പടിൽ തപ്സി അവതരിപ്പിച്ച കഥാപാത്രമായ അമൃതയെന്ന വീട്ടമ്മ ഭർത്താവിനോട് പറയുന്ന ഈ സംഭാഷണം ഇന്ത്യൻ സ്ത്രീ മനസാക്ഷിയുടെ ശബ്ദമായി മാറിയിരിക്കുന്നു.