
ജീവിതത്തിലും  വിനോദ്  കോവൂരിന് മീൻ  വിൽപ്പനക്കാരന്റെ  വേഷം
പൊരിച്ച  അയക്കൂറ
ഞാൻ ഒരു നല്ല മീൻ കൊതിയനാണ്. വർഷങ്ങളായി ഇറച്ചി കഴിക്കില്ല. ആദ്യം പച്ചക്കറിയോടായിരുന്നു പ്രിയം.പെട്ടെന്ന് മീനിനോട് ഇഷ്ടം തോന്നി. അങ്ങനെ ചോറിനൊപ്പം മീൻമണം വേണമെന്നായി. ആ  മണമില്ലാതെ ചോറ് കഴിക്കാൻ പറ്റില്ല ഇപ്പോൾ. എല്ലാ മീൻരുചിയും ഇഷ്ടം. പൊരിച്ചതും കറി വച്ചതും നന്നായി കഴിക്കും. ചോറ് തീരുന്നത് അറിയില്ല. മത്തിയാണ് ഏറ്റവും ഇഷ്ട മീൻ. ചോറ് കഴിക്കുന്നതുപോലെ മത്തി പൊരിച്ചത് തിന്നാൻ തോന്നും. മീൻ കൊതി വല്ലാതെ മൂത്ത സമയത്താണ്  'മൂസക്കായി സി ഫ്രഷ് " എന്ന പേരിൽ കോഴിക്കോട് ഹൈലൈറ്റ് മാളിനു സമീപം പാലാഴി റോഡിൽ കട തുടങ്ങുന്നത്.കോഴിക്കോട് ഇതേ പോലെ ഒരു കടയില്ല. ആദ്യ കാഴ്ചയിൽ മീൻ കട എന്നു തോന്നില്ല.പലരും സൂപ്പർ മാർക്കറ്റാണെന്ന് കരുതി. യാദൃശ്ചികം പോലെ സെപ്തംബർ ഏഴിന് ഉദ്ഘാടനം ചെയ്തു.അന്നാണ് മമ്മുക്കയുടെ ജന്മദിനം. മമ്മുക്ക നല്ല ഒരു മീൻപ്രിയനാണ്.
ആവോലി  പൊള്ളിച്ചത്
എം 80 മൂസയിലെ മൂസക്കായ് എന്ന കഥാപാത്രം എനിക്ക് പടച്ചോൻ തന്നതാണ്. ലോകത്തുള്ള എല്ല മലയാളിയും നെഞ്ചിലേറ്റിയ കഥാപാത്രം. നന്മയുടെ അരികിൽനിന്ന് മീൻ വിൽക്കുന്ന ആളാണ് മൂസക്കായ്. നല്ല മീൻ മാത്രം വിൽക്കുന്ന ആള്. അതിനാൽ നല്ല പേരും മൂപ്പർക്ക് കിട്ടി. ആ പേര് കടമെടുത്താണ് കട തുടങ്ങിയത്. ലോക് ഡൗൺ കാലത്ത് കലാരംഗത്തുനിന്നുള്ള വരുമാനം  നിലച്ചപ്പോൾ കൂട്ടുകാരൊക്കെ പറഞ്ഞു, 'ഇങ്ങള്  മീൻ കച്ചോടം തുടങ്ങിക്കോ" 'നീ ഒരു മീൻകാരനായിയല്ലേ അറിയപ്പെടുന്നത് "എന്നൊക്കെ. എം 80 ഇല്ലാതെ കച്ചോടം തുടങ്ങാൻ തീരുമാനിച്ചു. വലിയ പിന്തുണയാണ് ലഭിക്കുന്നത്.

കരിമീൻ  മപ്പാസ്
എറണാകുളം  ഭാഗത്ത്  മീൻ വിൽപ്പനയുടെ കിംഗാണ് ധർമജൻ. പതിനാലു കടയുണ്ട്. രണ്ടു കടയുടെ ഉദ്ഘാടനത്തിന് പോയിരുന്നു. അവിടെയും കേട്ടു മൂസക്കായ് എന്ന വിളി. 'വിനോദേട്ടന് കോഴിക്കോട് ധൈര്യമായി തുടങ്ങാട്ടോ" 'മൂസക്കായ് എന്ന പേരുള്ളതിനാൽ പിടിച്ചാൽ കിട്ടില്ലെന്നും "ധർമജൻ പറഞ്ഞു. ധർമജന്റെ മീൻ പുരാണം ഇപ്പോഴാണ് ഗൗരവമായി എടുത്തത്. കടയിൽ പതിനെട്ടു തരം മീനുണ്ട്. അമൂർ, അയക്കൂറ, ചൂട, മത്തി, ചാള തുടങ്ങി ഒട്ടുമിക്ക കടൽ മത്സ്യങ്ങളുണ്ട്. പുഴമീനിൽ ഗ്രാൽ, കരിമീൻ, ചെമ്മീൻ നിര നീളും.
മത്തി  മുളകിട്ടത്
മസാല പുരട്ടിയും മീൻ വിൽക്കുന്നുണ്ട്. അപ്പോൾ പിന്നേ പൊരിച്ചാ മതി, കറി വച്ചാമതി, തിന്നാ മതി. മീൻ വിൽപ്പനയിലേക്ക് ഇറങ്ങിയെങ്കിലും ഞാൻ കലാരംഗത്തുതന്നെ സജീവമായി ഉണ്ടാവും.സിനിമയുടെയും സീരിയലിന്റെയും ഷൂട്ടുണ്ട്. നല്ല മീൻ കൊതിയുള്ള ചുറുചുറുപ്പുള്ള ചെറുപ്പക്കാരായ അഞ്ചു കോഴിക്കോടുകാരാണ് പങ്കാളികൾ.മുഖ്യ പങ്കാളിയായ താഹിറാണ് കട ഡിസൈൻ ചെയ്തത്. ഷറഫുദ്ദീൻ, ഹബിബുള്ള, നജീഫത്ത്. നിസാമുദ്ദീൻ എന്നിവരാണ് മറ്റുള്ളവർ. എല്ലാവരും െഎ.ടി രംഗത്ത് പ്രവർത്തിക്കുന്നവർ. എന്നേക്കാൾ മീൻ കൊതിയാണ് അവർക്ക്.

നെത്തൽ തോരൻ
പാചകം ഇഷ്ടമാണ്. എന്നാൽ പാചകത്തിൽ വമ്പനും കേമനുമല്ല. ചെറിയ രീതിയിൽ ചെയ്യും. ഭാര്യ ദേവയാനി നന്നായി മീൻകറി വയ്ക്കും. എന്റെ പ്രിയപ്പെട്ടവർക്കെല്ലാം ദേവുവും പ്രിയങ്കരി. ഷൂട്ടിംഗിന്റെ ഭാഗമായി ഇപ്പോൾ ഏറണാകുളത്താണ് താമസം. എന്നാൽ മനസ് മുഴുവൻ കോഴിക്കോടും കോവൂർ എന്ന നാട്ടിലുമാണ്. മീൻ കട ,തുടങ്ങിയതു കാരണം ഇനി ഇടയ്ക്കിടെ വന്നും പോയും ഇരിക്കും. സുഹൃത്തായ നന്ദൻ കാവിൽ സംവിധാനം ചെയ്ത മഴനൂൽക്കനവാണ് ആദ്യ സിനിമ. സൗബിൻ നായകനായ കള്ളൻ ഡിസൂസയിലാണ് ഒടുവിൽ അഭിനയിച്ചത്. 47 സിനിമകളിൽ അഭിനയിച്ചു. കഥ കേട്ട സിനിമകൾ സമീപഭാവിയിൽ നടക്കുമെന്നാണ് പ്രതീക്ഷ.  ചാനലിൽ പുതിയ ഒരു പ്രോഗ്രാം വൈകാതെ വരുന്നുണ്ട്.