
ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിക്കുന്നതിന് മുൻപ് പൊലീസുകാരെ 'കണ്ടു പഠിക്കാൻ"നിവിൻ പോളി കുറെ സ് റ്റേഷനുകളിൽ പോയ കാര്യം സദാനന്ദന് അറിയാം. ആള് പൊലീസാണ്. കണ്ണൂർ പയ്യാവൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് സദാനന്ദൻ ചേപ്പറമ്പ്. 'തൊണ്ടി മുതലും ദൃക്സാക്ഷിയും"സിനിമയിൽ കുറെ പൊലീസുകാർ അഭിനേതാക്കളായി മാറിയപ്പോൾ അതിൽ കാക്കി അണിഞ്ഞു സദാനന്ദൻ. വെള്ളിത്തിരയിൽ പൊലീസ് വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് സദാനന്ദൻ ചേപ്പറമ്പ്.
മൂന്നു കാലത്തിലെ പൊലീസ്
തൊണ്ടി മുതലും ദൃക്സാക്ഷിയിൽ അഭിനയിച്ചവരിൽ 23 പേർ ജീവിതത്തിലും പൊലീസുകാരാണ്. യഥാർത്ഥ പൊലീസുകാർ ഒന്നിച്ച് കാമറയുടെ മുന്നിൽ എത്തുന്നത് ആദ്യമാണ്. ഞങ്ങളിൽ പലരും കലാകാരൻമാരാണ്.തൊണ്ടി മുതലും ദൃക് സാക്ഷിയും കഴിഞ്ഞു പൊലീസാകാൻ സിനിമയിൽനിന്ന് ഒരുപാട് വിളി വന്നു.നിവിൻപോളി യുടെ 'കായംകുളം കൊച്ചുണ്ണി"യിൽ പത്തൊൻമ്പതാം നൂറ്റാണ്ടിലെപൊലീസ് വേഷം, കയ്യൂർ സമരത്തിന്റെ കഥ പറയുന്ന ' അരയാക്കടവിൽ" ഇരുപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് പൊലീസ് , അനുശ്രീയുടെ 'ഓട്ടറിക്ഷ"യിലും പൊലീസ് വേഷം . നിവിൻ പോളി യുടെ പുതിയ ചിത്രമായ
പടവെട്ടിലും സുധീർ കരമന നായകനായി എത്തുന്ന വെളുത്ത മധുര ത്തിലും പൊലീസ് വേഷം തന്നെ. പൊലീസിൽ ജോലി ചെയ്ത് വ്യത്യസ്ത കാലത്തിലെ പൊലീസിനെ സിനിമയിൽ അവതരിപ്പിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ലെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട്.
ഇത് പൊലീസ് വേഷമല്ല
രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്തയിൽ അസിസ്റ്റന്റ് കളക്ടറായി അഭിനയിച്ചു. മൂന്നാം പ്രളയത്തിൽ മജീഷ്യൻ , കക്ഷി അമ്മിണിപ്പിളളയിൽ വക്കീൽ,സത്യം പറഞ്ഞാൽ വിശ്വസിക്കുമോയിൽ പോസ്റ്റ്മാനായും വേഷമിട്ടു. ജയസൂര്യ നായകനായ വെള്ളം, അഷ്കർ സൗദാനും ഭഗത്തും കൈലാഷും നായകരായി എത്തുന്ന സുകേഷിന് പെണ്ണ് കിട്ടുന്നില്ല , സുരാജ് വെഞ്ഞാറുമൂട് , ധ്യാൻ ശ്രീനിവാസൻചിത്രം ഹിഗിറ്റ്വാ ഇൗ ചിത്രങ്ങളിലെല്ലാം പൊലീസ് വേഷങ്ങൾ. കാക്കി ഉപേക്ഷിക്കാതെ സഹപ്രവർത്തകരുടെ പ്രോത്സാഹനത്തിൽ അഭിനയരംഗത്ത് തുടരാണ് ആഗ്രഹം.